തിരുവനന്തപുരം : മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്താൻ സമീപത്തെ 15 മരങ്ങൾ മുറിച്ച് നീക്കാൻ കേരളം തമിഴ്നാടിന് അനുമതി നൽകിയെന്ന് സംസ്ഥാനസർക്കാർ അറിഞ്ഞത് തമിഴ്നാട് മുഖ്യമന്ത്രിയുടെ അഭിനന്ദനക്കത്ത് കിട്ടിയപ്പോൾ മാത്രമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിന് ഇക്കാര്യത്തിൽ നേരത്തേ ഒരറിവും ഉണ്ടായിരുന്നില്ല. തനിക്കോ ജലവിഭവവകുപ്പ് മന്ത്രിക്കോ ഇക്കാര്യമറിയുമായിരുന്നില്ല. മരംമുറിക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
”ഉദ്യോഗസ്ഥതലത്തിൽ മാത്രം തീരുമാനമെടുക്കാൻ പാടില്ല ഇക്കാര്യത്തിൽ. നയപരമായ പ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന കാര്യമാണ്. ഞാനോ മുഖ്യമന്ത്രിയുടെ ഓഫീസോ ജലവിഭവവകുപ്പ് മന്ത്രിയോ വിവരം അറിഞ്ഞിട്ടില്ല”, എന്ന് എ കെ ശശീന്ദ്രൻ പറയുന്നു. ഏത് സാഹചര്യത്തിലാണ് തീരുമാനം എന്ന് ഉദ്യോഗസ്ഥൻ വിശദീകരിക്കണം. ഇന്ന് 11 മണിക്ക് മുമ്പ് റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട് എന്നും വനംമന്ത്രി വ്യക്തമാക്കി.
മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തണമെന്നും അങ്ങനെ ഡാമിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തണമെന്നുമുള്ള തമിഴ്നാടിന്റെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 2014 മുതൽ ഇക്കാര്യത്തിൽ സജീവശ്രമം തുടരുകയാണ് തമിഴ്നാട്. 2014 മെയ് 7-ന് സുപ്രീംകോടതിയുടെ അഞ്ചംഗബഞ്ചിന്റെ വിധി, തമിഴ്നാടിന് അനുകൂലമായിരുന്നു. കേരളത്തിനു തികച്ചും പ്രതികൂലമായിരുന്ന ഈ വിധിയിൽ 136 അടിയിൽനിന്നു 142 അടിയിലേക്കു ജലനിരപ്പുയർത്താമെന്നും അണക്കെട്ടിന്റെ നിരീക്ഷണത്തിന്, ഒരു മൂന്നംഗസമിതിയെ നിയോഗിക്കാമെന്നും വ്യക്തമാക്കിയിരുന്നു.
2006-ൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം തമിഴ്നാടിന് കേരളം കൂടുതൽ ജലം സംഭരിക്കാനുള്ള സൗകര്യം ചെയ്ത് കൊടുക്കേണ്ടതാണ്. എന്നാൽ കേരളം ഇതിനെതിരെ നിയമസഭയിൽ പാസ്സാക്കിയ ബിൽ കോടതി ഭരണഘടനാ വിരുദ്ധമെന്ന് കാട്ടി, തടയുകയുംചെയ്തു. 1956-ലെ സംസ്ഥാന പുനഃസംഘടനാ നിയമത്തിലെ ചട്ടം 108 പ്രകാരം സ്വാതന്ത്ര്യത്തിനുമുൻപുള്ള മുഴുവൻ അന്തർസംസ്ഥാന ജലവൈദ്യുതകരാറുകളും നിലനിൽക്കും എന്ന കാരണത്താലാണ് അന്ന് കേരളത്തിന്റെ വാദം സുപ്രീംകോടതി തള്ളിയത്.
ഈ രണ്ട് വിധികളുടെ പിൻബലത്തിലാണ് മരം മുറിക്ക് അനുമതി തേടി തമിഴ്നാട് 2014-ൽ ആദ്യം കത്ത് നൽകിയത്. 33 മരങ്ങൾ മുറിക്കാനാണ് അനുമതി ആവശ്യപ്പെട്ടത്. പല കാരണങ്ങൾ ചൂണ്ടിക്കാട്ടി പല തവണ കേരളം ഈ ആവശ്യം തള്ളി. 2020-ൽ 15 മരങ്ങൾ എന്ന കൃത്യമായ കണക്ക് തമിഴ്നാട് വനംവകുപ്പിന് നൽകി. 2021 ആദ്യമാണ് ഈ അപേക്ഷ സ്വീകരിച്ചതെന്ന് ഇടുക്കി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബറിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ സ്ഥലത്ത് നേരിട്ട് പരിശോധന നടത്തി. വന്യ ജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 29 പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന് മരംമുറിക്കാൻ അനുമതി നൽകാം. കടുവ സങ്കേതത്തിൻറെ ബഫർ സോണിലാണ് ഈ സ്ഥലമുള്ളത്.
മരങ്ങൾ വെട്ടുന്നതോടെ തമിഴ്നാട് ബേബി ഡാം ബലപ്പെടുത്താനുള്ള പണി തുടങ്ങും. ഇതിന് ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനാണ് നീക്കം. മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് ദുരൈമുരുഗൻ പരസ്യമായി പ്രഖ്യാപിച്ചതോടെ കടുത്ത ആശങ്കയാണ് പെരിയാർ തീരത്ത് നിലനിൽക്കുന്നത്.
ജലനിരപ്പ് 136 അടിയിലെത്തുമ്പോൾ തന്നെ പെരിയാർ തീരത്തെ ആളുകൾ ആശങ്കയിലാകും. ഓരോ തവണ ഷട്ടർ തുറക്കുമ്പോഴും സാധനങ്ങൾ കെട്ടിപ്പെറുക്കി ക്യാമ്പിലേക്ക് മാറാൻ തയ്യാറെടുക്കണം. പുതിയ ഡാം വേണമെന്ന് സംസ്ഥാന സർക്കാർ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും നടപടികൾ ഒന്നും പുരോഗമിക്കുന്നില്ല. പേടി കൂടാതെ ജീവിക്കണമെങ്കിൽ പുതിയ ഡാം വേണമെന്നാണ് പെരിയാർ തീരത്തുള്ളവർ പറയുന്നത്. ഡിസംബറിൽ കേരള – തമിഴ്നാട് മുഖ്യമന്ത്രിമാർ തമ്മിലുള്ള ചർച്ചയിൽ ഇക്കാര്യത്തിൽ പുരോഗതി ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മന്ത്രി ദുരൈമുരുകന്റെ പ്രസ്താവന പ്രതീക്ഷ ഇല്ലാതാക്കി.
ജലനിരപ്പ് 142 അടിയിൽ എത്തുന്നതിനു മുമ്പേ സ്പിൽവേ ഷട്ടർ തുറന്നതു സംബന്ധിച്ച് തമിഴ്നാട്ടിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. അണ്ണാഡിഎംകെ ഇക്കാര്യങ്ങൾ ഉയർത്തി ഡിഎംകെ സർക്കാരിനെതിരെ പ്രതിഷേധം തുടങ്ങാനിരിക്കുകയാണ്. ഈ പ്രതിഷേധം തണുപ്പിക്കാൻ ബേബി ഡാം ബലപ്പെടുത്തൽ ജോലികൾ തുടങ്ങാനുള്ള നടപടികൾ തമിഴ്നാട് വേഗത്തിലാക്കിയേക്കും