
ഖോസ്റ്റ്: കുടുംബത്തിലെ പതിമൂന്ന് പേരെ കൊലപ്പെടുത്തിയ യുവാവിനുള്ള വധശിക്ഷ നടപ്പിലാക്കാൻ താലിബാൻ കരുവാക്കിയത് 13കാരനെ. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റിൽ എൺപതിനായിരത്തോളം ആളുകളെ സാക്ഷിയാക്കി നടത്തിയ വധശിക്ഷയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ചൊവ്വാഴ്ചയാണ് ഖോസ്റ്റിലെ സ്റ്റേഡിയത്തിൽ വച്ച് വധശിക്ഷ നടപ്പിലാക്കിയതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ബന്ധുക്കൾ നഷ്ടമായ 13കാരനെ ഉപയോഗിച്ചാണ് വധശിക്ഷ നടപ്പിലാക്കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മംഗൽ എന്ന കുറ്റവാളിയുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്നാണ് താലിബാൻ സ്ഥിരീകരിക്കുന്നത്. അഫ്ഗാനിസ്ഥാൻ സുപ്രീം കോടതിയുടെ അംഗീകാരത്തോടെയായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്. താലിബാൻ പരമോന്നത നേതാവ് ഹിബതുല്ലഹ് അഖുൻസാദയുടെ അംഗീകാരത്തോടെയാണ് വധശിക്ഷ നടപ്പിലാക്കിയതെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്. പരസ്യമായി വധശിക്ഷ നടപ്പിലാക്കുന്നതിനെ ആഗോള തലത്തിൽ അപലപിക്കുമ്പോൾ അത് തുടരുകയാണ് താലിബാൻ ചെയ്യുന്നത്.
മാപ്പ് നൽകാതെ ഉറ്റവർ, വധശിക്ഷ നടപ്പിലാക്കുന്നത് കാണാനെത്തിയത് 80000 പേർ
അതിക്രൂരവും മനുഷ്യത്വ വിരുദ്ധവുമാണ് ഇത്തരം ശിക്ഷാ രീതിയെന്നാണ് യുഎൻ സ്പെഷ്യൽ വക്താവവ് റിച്ചാർഡ് ബെന്നറ്റ് വിശദമാക്കുന്നത്. 2021ൽ താലിബാൻ വീണ്ടും അധികാരത്തിലേറിയതിന് ശേഷം നടത്തുന്ന 11ാമത്തെ വധശിക്ഷയാണ് ഇതെന്നാണ് പുറത്ത് വരുന്ന വിവരം. ഖോസ്റ്റ് പ്രവിശ്യയിൽ കൊലപാതകിക്ക് നേരെ ദൈവീക വിധി നടപ്പിലാക്കിയെന്നാണ് അഫ്ഗാൻ സുപ്രീം കോടതി വിശദമാക്കുന്നത്. വധശിക്ഷ നടപ്പിലാക്കിയതിന് ശേഷം രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടിയുള്ള പ്രാർത്ഥനകളും സ്റ്റേഡിയത്തിൽ നടന്നു. ജനങ്ങൾ ഇസ്ലാമിക് ഷരിയ വേണ്ട വണ്ണം അനുശാസിക്കുന്നതിന് വേണ്ടിയുള്ള പ്രാർത്ഥനകളും സ്റ്റേഡിയത്തിൽ നടന്നതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്. ഇരകളുടെ ബന്ധുക്കൾ അടക്കമുള്ളവരാണ് വധശിക്ഷ നടപ്പിലാക്കുന്നത് കാണാനായി സ്റ്റേഡിയത്തിൽ ഒത്തുകൂടിയത്.
ഖോസ്റ്റ് സ്വദേശിയായ അബ്ദുൾ റഹ്മാൻ ഇയാളുടെ ബന്ധുക്കളെ 10 മാസത്തിന് മുൻപ് കൊലപ്പെടുത്തിയ സംഭവത്തിനാണ് വധശിക്ഷ നടപ്പിലാക്കിയത്. അഞ്ച് തവണയാണ് വെടിയുതിർത്തത്. തടിച്ച് കൂടിയ ആളുകൾ പ്രാർത്ഥനകൾ ഉച്ചരിക്കുന്നതിനിടയിലാണ് വെടിയൊച്ചകൾ കേട്ടത്. പാകിത പ്രവിശ്യയിലെ കരം ജില്ലയിലെ സജാങ്ക് മേഖലയിൽ നിന്നുള്ള ആളാണ് മംഗൽ. മംഗലിന് മാപ്പ് നൽകാനുള്ള അവസരം കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് നൽകിയിരുന്നുവെങ്കിലും വധശിക്ഷ നടപ്പിലാക്കാനാണ് ഇവർ താൽപര്യപ്പെട്ടത്.


