കാബൂള്‍: അഫ്ഗാനിസ്ഥാനിൽ അധികാരത്തിലേറിയ ശേഷം താലിബാൻ പ്രതിനിധികൾ ആദ്യ വാർത്താ സമ്മേളനം നടത്തി. യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും സമാധാനമാണ് തങ്ങളുടെ ലക്ഷ്യമെന്നും താലിബാൻ പറഞ്ഞു. തങ്ങൾക്ക് ആരോടും ശത്രുതയില്ലെന്നും തങ്ങളുടെ നേതാവിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എല്ലാവർക്കും മാപ്പ് നൽകിയിട്ടുണ്ടെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇസ്ലാമിക നിയമപ്രകാരം സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കപ്പെടുമെന്നും മറ്റ് രാജ്യങ്ങളുമായി നല്ല ബന്ധം തേടുമെന്നും അഫ്ഗാൻ സൈന്യത്തിലെ മുൻ അംഗങ്ങളോട് പ്രതികാരം ചെയ്യുകയില്ലെന്നും വാഗ്ദാനം ചെയ്തു. ”ഒരു സംഘട്ടനവും യുദ്ധവും വീണ്ടും ആവർത്തിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. കൂടാതെ സംഘർഷത്തിനുള്ള ഘടകങ്ങൾ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു, ശത്രുതകൾ അവസാനിച്ചു. സമാധാനപരമായി ജീവിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു. ആന്തരിക ശത്രുക്കളെയും ബാഹ്യ ശത്രുക്കളെയും ആഗ്രഹിക്കുന്നില്ല.” താലിബാൻ വക്താവ് അറിയിച്ചു.
അഫ്ഗാൻ സൈന്യത്തിലെയും പോലീസിലെയും മുൻ അംഗങ്ങൾക്ക് പൊതുമാപ്പ് നൽകുന്നതായും 2001 മുതൽ അന്താരാഷ്ട്ര സേനയിൽ പ്രവർത്തിച്ച വിവർത്തകരെയും കോൺട്രാക്ടർമാരെയും ഉപദ്രവിക്കില്ലെന്ന് അവർ വ്യക്തമാക്കി. സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കപ്പെടുകയും അവർക്ക് ജോലി ചെയ്യാനും പഠിക്കാനും സമൂഹത്തിൽ സജീവമാകാനും അനുവദിക്കും.
യുഎൻ ഡ്രഗ്സ് കൺട്രോൾ ഏജൻസിയുടെ അഭിപ്രായത്തിൽ ലോകത്തിലെ മിക്ക ഹെറോയിന്റെയും ഉറവിടമായ അഫ്ഗാനിസ്ഥാൻ മയക്കുമരുന്ന് വിമുക്തമാകുമെന്നും ഉപജീവനത്തിനായി കറുപ്പ് പോപ്പികളെ ആശ്രയിച്ച കർഷകർക്ക് ബദൽ വിളകൾ വികസിപ്പിക്കാൻ സഹായിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ താലിബാൻ തങ്ങളുടെ പ്രവർത്തകരോട് അച്ചടക്കം പാലിക്കണമെന്നും നയതന്ത്ര കെട്ടിടങ്ങളിൽ പ്രവേശിക്കരുതെന്നും എംബസി വാഹനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും നിർദേശിച്ചു. സാധാരണക്കാർക്ക് പതിവുപോലെ അവരുടെ കാര്യങ്ങൾ നിർവഹിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ഇരുപത് വർഷം മുൻപായാലും ഇന്നായാലും ഞങ്ങളുടെ ആശയങ്ങളിലും വിശ്വാസങ്ങളിലും മാറ്റമില്ല. അന്നും ഇന്നും ഇതൊരു മുസ്ലീം രാഷ്ട്രമാണ്. എന്നാൽ സാഹചര്യങ്ങളിലും സമീപനങ്ങളിലും ഇന്ന് ഒരുപാട് വ്യത്യാസമുണ്ട്. പുതിയ ഭരണഘടനയെ പറ്റി സർക്കാർ രൂപീകരണത്തിന് ശേഷം മാത്രമേ പറയാനാവൂ. ദേശീയമൂല്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കരുതെന്ന് മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.
