കാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാന നഗരമായ കാബൂൾ താലിബാൻ ഭീകരർ പിടിച്ചെടുത്തു. ആഭ്യന്തരവകുപ്പും സായുധ സേനയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കാബൂൾ സുരക്ഷിതമെന്ന് പ്രസിഡന്റ് അഷ്റഫ് ഗാനയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. അതേസമയം ബല പ്രയോഗത്തിലൂടെ കാബൂൾ കീഴടക്കാൻ പദ്ധതിയില്ലെന്നാണ് താലിബാൻ വക്താക്കൾ വ്യക്തമാക്കുന്നത്. ഇപ്പോൾ 34 പ്രവിശ്യകളിൽ 22എണ്ണത്തിൽ അധികവും താലിബാന്റെ നിയന്ത്രണത്തിലാണ്. ജലാലാബാദ്, മസാരേ ശരീഫ് നഗരങ്ങൾ പിടിച്ച താലിബാൻ കാബൂളിലേക്കുള്ള പാതകളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. മിക്കയിടത്തും ഏറ്റുമുട്ടലിന് നിൽക്കാതെ അഫ്ഗാൻ സൈന്യം പിന്മാറുകയാണ്.
കാബുളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് വരെ അഫ്ഗാൻ സൈന്യം ശക്തമായ പോരാട്ടമാണ് നടത്തിയത്. എന്നാൽ കാബൂളിൽ താലിബാൻ ഭീകരർ ആധിപത്യം സ്ഥാപിച്ചതോടെ സമാധാനപരമായി അധികാരം അഫ്ഗാൻ ഭരണകൂടം വിട്ടുകൊടുക്കുകയായിരുന്നുവെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താലിബാനും അഫ്ഗാനും തമ്മിൽ ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുന്നതായാണ് വിവരം.
ജലാലാബാദ് നഗരം പിടിച്ചെടുത്ത് കാബൂളിനെ ഒറ്റപ്പെടുത്തിയ താലിബാൻ, പാകിസ്താനിലേക്കുള്ള പാതയുടെ നിയന്ത്രണവും ഏറ്റെടുത്തിരുന്നു. ഇന്ന് രാവിലെയോടെയാണ് തന്ത്രപ്രധാനമായ ജലാലാബാദ് നഗരം താലിബാൻ പിടിച്ചെടുത്തത്. ഇന്നലെ രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ നഗരമായ മസാറെ ശരീഫ് താലിബാൻ പിടിച്ചെടുത്തിരുന്നു.
അതേസമയം ഇവിടെനിന്ന് യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ 5000 അമേരിക്കന്‍ സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്. യുഎസ് ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിച്ചു തീരും വരെ കാബൂളിൽ പ്രവേശിക്കരുത് എന്നാണ് അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രത്യേക വിമാനങ്ങളിൽ ഉദ്യോഗസ്ഥരെ മിന്നൽ വേഗത്തിൽ ഒഴിപ്പിക്കുകയാണ് അമേരിക്കയും ബ്രിട്ടനും.