കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ടോളോ ന്യൂസിലെ മാധ്യമപ്രവര്ത്തകന് താലിബാന് ഭീകരരുടെ മര്‍ദ്ദനം. അഫ്ഗാനിസ്ഥാനിലെ ആദ്യ സ്വതന്ത്ര ന്യൂസ് ചാനലായ ടോളോ ന്യൂസിലെ റിപ്പോര്‍ട്ടര്‍ സിയാര് യാദ് ഖാനാണ് മര്‍ദനമേറ്റത്. രാജ്യത്തെ ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയേപ്പറ്റി സിയാര് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് മാധ്യമപ്രവര്‍ത്തകനെ താലിബാന് ആക്രമിച്ചത്. സിയാറിനൊപ്പമുണ്ടായിരുന്ന ക്യാമറാ പേഴ്സണിനും ക്രൂരമായ മര്‍ദ്ദനമേറ്റിട്ടുണ്ട്. സിയാര് മരിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇത് നിഷേധിച്ച് അദ്ദേഹം തന്നെ രംഗത്തെത്തി. കാബൂളിലെ ന്യൂ സിറ്റിയില്‍ വച്ച് താലിബാന് സംഘം തന്നെയും ക്യാമറാമാനേയും ആക്രമിക്കുകയായിരുന്നുവെന്ന് സിയാര് ട്വീറ്റ് ചെയ്തു.
റിപ്പോര്‍ട്ടിംഗിനായി ചിത്രങ്ങളെടുക്കാന്‍ തുടങ്ങിയപ്പോഴേക്ക് ആക്രമിക്കുകയായിരുന്നു. കൈത്തോക്കുപയോഗിച്ചായിരുന്നു മര്‍ദ്ദനം. സിയാറിന്റെ ഫോണും താലിബാന് ഭീകരര്‍ പിടിച്ചെടുത്തു. താലിബാന് അഫ്ഗാന് ഭരണം പിടിച്ചെടുത്തതിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.