ന്യൂ ഡൽഹി : അമേരിക്കന്‍ സൈന്യത്തിലെ അവസാന സൈനീകനും മടങ്ങിയതോടെ കാബൂളില്‍ താലിബാന് വിജയമാഘോഷിച്ചെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനാകാതെ കുഴങ്ങുന്നു. താലിബാനും പാക് ചാരസംഘടനയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഹഖാനി ശൃംഖലയും തമ്മിലുള്ള അധികാരത്തര്‍ക്കമാണ് സര്‍ക്കാര്‍ രൂപീകണം വൈകിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇരുവിഭാഗവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ താലിബാന്റെ ഇപ്പോഴത്തെ നേതാവ് മുല്ലാ അബ്ദുള്‍ ഗാനി ബരാദറിന് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍
രാജ്യത്തെ മറ്റ് ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാരില്‍ പ്രതിനിധ്യമുണ്ടാകുമെന്നായിരുന്നു നേരത്തെ ലോകരാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ താലിബാന് നേതാക്കള്‍ അവകാശപ്പെട്ടത്. എന്നാല്‍ സുന്നി – പഷ്ത്തൂണ്‍ വിഭാഗങ്ങളെ മാത്രം ഉള്‍ക്കൊള്ളുന്നതാകണം സര്‍ക്കാര്‍ എന്ന ഹഖാനി ഗ്രൂപ്പിന്റെ പിടിവാശി ഇരുവിഭാഗങ്ങളും തമ്മിലുള്ള വെടിവെപ്പിലേക്ക് വരെ കാര്യങ്ങളെത്തിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍
താലിബാന് നേതാവായ മുല്ലാ ബരാദറിന്റെ നേതൃത്വത്തില്‍ അഫ്ഗാനില്‍ ഇസ്ലാം രാഷ്ട്രം രൂപിക്കരിക്കുമെന്ന് താലിബാന് നേരത്തെ അറിയിച്ചിരുന്നു. താലിബാന്റെ അഫ്ഗാന് അധികാരത്തിലേക്കുള്ള രണ്ടാം വരവില്‍ നേതൃരംഗത്ത് മിതവാദി ഗ്രൂപ്പിനായിരുന്നു പ്രാമുഖ്യമുണ്ടായിരുന്നത്.
ഈ ഗ്രൂപ്പിനെ നയിച്ചിരുന്നത് മുല്ലാ ബരാദറായിരുന്നു. ഒരു ഘട്ടത്തില്‍ സ്ത്രീകള്‍ക്കും അഫ്ഗാന് രാഷ്ട്രീയത്തില്‍ പ്രതിനിധ്യമുണ്ടാകുമെന്ന് താലിബാന് വക്താക്കള്‍ അവകാശപ്പെട്ടത് മുല്ലാ ബരാദറിന് സംഘടനയിലുള്ള അപ്രമാദിത്വത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.