അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ പിടിച്ചെടുത്തതോടെ രാജ്യം വിട്ട അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനിക്ക് പ്രവേശനാനുമതി നിഷേധിച്ച് താജിക്കിസ്താന്‍. താജിക്കിസ്ഥാനിൽ ഇറങ്ങാൻ അനുവദിക്കാത്തതിനെ തുടർന്ന് അദ്ദേഹം ഒമാനിൽ ഇറങ്ങി. തലസ്ഥാനമായ കാബൂൾ താലിബാൻ പിടിച്ചെടുത്തതോടെ ഗനി ഒരു സ്വകാര്യ വിമാനത്തിൽ രാജ്യം വിടുകയായിരുന്നു. നിലവിൽ ഗനി ഒമാനിൽ ഉണ്ട്. ഇവിടെ നിന്ന് അമേരിക്കയിലേക്ക് പോകുന്നതായും സൂചനയുണ്ട്. അഷ്റഫ് ഗനിയെ കൂടാതെ, അഫ്ഗാനിസ്ഥാനിലെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മോഹിബും ഒമാനിലുണ്ട്.
അഫ്ഗാനിസ്ഥാനിലെ രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് താൻ രാജ്യം വിട്ടതെന്ന് അഷ്റഫ് ഗനി നേരത്തെ സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു. താലിബാൻ വളയുകയും തലസ്ഥാനമായ കാബൂൾ പോരാളികൾ പിടിച്ചടക്കുകയും ചെയ്ത ശേഷം പ്രസിഡന്റ് രാജ്യം വിടുകയായിരുന്നു. മുൻ അഫ്ഗാൻ പ്രസിഡന്റ് ഹമീദ് കർസായിയും ദേശീയ അനുരഞ്ജന ഹൈ കൗൺസിൽ തലവൻ അബ്ദുള്ള അബ്ദുള്ളയും താലിബാനുമായി ഒരു സർക്കാരിനായി ചർച്ച നടത്താൻ ശ്രമിക്കുന്നു.
