രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ വിമര്‍ശനവുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നത് ഇന്ത്യ മുന്നണിയില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. ഇന്ത്യ സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രിയാകേണ്ടയാള്‍ കേരളത്തില്‍ മത്സരിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് പന്ന്യന്‍ രവീന്ദ്രന് ചോദിച്ചു രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ കോണ്‍ഗ്രസ് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം ചോദിച്ചു. തികച്ചും അപക്വമായ നടപടിയാണ് കോണ്‍ഗ്രസിന്റേതെന്ന് പന്ന്യന്‍ രവീന്ദ്രന് വിമര്‍ശിച്ചു. യുപിയായിരുന്നു കോണ്‍ഗ്രസിന്റെ തട്ടകം. അവിടെ നിന്ന് മത്സരിക്കാതെ ഇവിടെ വരുന്നതിന്റെ അര്‍ഥം എന്താണെന്ന് അദ്ദേഹം ചോദിച്ചു.
അതേസമയം സിപിഐ നേതാക്കളുടെ വിമർശനത്തിന് മറുപടിയുമായി ടി സിദ്ദിഖ് രംഗത്തെത്തി. ഇന്ത്യ മുന്നണി കേരളത്തിലില്ലെന്നും ഇവിടെ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്ന് ടി സിദ്ദിഖ് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സിറ്റിങ് മണ്ഡലത്തിൽ ആനി രാജ മത്സരിക്കാൻ പാടില്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തന്നെയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതെന്ന് ടി സിദ്ദിഖ് പറഞ്ഞു. രാജ്യത്ത് അധികാരത്തിൽ വരുന്ന മുന്നണിയുടെ പ്രധാനമന്ത്രിയാകേണ്ട സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനുള്ള അവസരം വയനാട്ടിലെ ജനങ്ങൾക്ക് ലഭിക്കുന്നുവെന്നത് ചെറിയ തലമല്ലെന്ന് അദ്ദേഹം പറഞ്ഞു.