മനാമ: യുദ്ധമുഖത്ത് നിഴൽ പോലെ പിന്തുടർന്ന മരണ വക്രത്തിൽ നിന്നും
മലയാളികളടക്കമുള്ള നിരവധി ഇന്ത്യൻ വിദ്യാർഥികൾക്ക് ഉക്രൈൻ അതിർത്തി കടക്കാനും,അവർക്ക് ഭക്ഷണവും, മറ്റ് സൗകര്യങ്ങളൊരുക്കു
വാനും ബോംബുകൾ വീഴുന്ന താഴ് വരയിലൂടെ സ്വജീവൻ പണയംവെച്ച് രാവെന്നോ,പകലെന്നോ, അർദ്ധരാത്രിയെന്നോ വ്യത്യാസമില്ലാതെ ഭാരത മക്കളുടെ യഥാർത്ഥ കരുതലായി മാറിയ മലയാളി കന്യാസ്ത്രീകളായ മാലാഖമാർക്ക് സീറോമലബാർ സൊസൈററിയുടെ അഭിനന്ദനങ്ങൾ.
ഉക്രൈനിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മൂന്നുനാലു ദിവസം നടന്ന് അതിർത്തിയിലെത്തി കൊടും തണുപ്പിൽ കിലോമീറ്ററുകൾ നീണ്ട ക്യൂവിൽ മണിക്കൂറുകൾ കാത്തുനിന്നിട്ടും ബോർഡർ കടക്കാൻ കഴിയാതെ നിസ്സഹായരായ വിദ്യാർത്ഥികളുടെ വേദന മനസിലാക്കിയ സിസ്റ്റർ ലിജി വളരെ വേഗത്തിൽ തന്നെ പോളണ്ടിൻ്റെ ബോർഡറിൽ നിന്ന് സുരക്ഷിതമായ മറ്റൊരു സ്ഥലത്ത് ഈ വിദ്യാർത്ഥികളെ എത്തിക്കാൻ ഉക്രൈനിലെ ഒരു മെത്രാനെയും വൈദികരെയും വാഹനങ്ങളുമായി പറഞ്ഞയച്ചു. രണ്ടു രാത്രി കൊടും തണുപ്പിൽ ഒരു സ്കൂളിൽ കിടന്നുറങ്ങിയ ഒരു പറ്റം യുവജനങ്ങൾക്ക് വിശ്വസിക്കാൻ കഴിയാത്ത വിധം താമസ സൗകര്യവും സ്വീകരണവും ഭക്ഷണവും ഒക്കെ ആ മെത്രാൻ്റെയും വൈദികരുടേയും നേതൃത്വത്തിൽ ഏർപ്പാടാക്കി.
കീവിൽ നിന്നും ലിവീവിൽ നിന്നും ഖാർക്കീവിൽ നിന്നും പിന്നെ വിദ്യാർഥികളുടെ ഒരു നീണ്ട നിര തന്നെ സിസ്റ്റർ ലിജിയുടെ നേതൃത്വത്തിൽ റുമേനിയാ, ഹംഗറി, സ്ലോവാക്യ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലേക്ക് ഒഴുകി. തീർത്തും അവശരായവരും ആദ്യം എത്തിയവരുമായ നൂറുകണക്കിന് വിദ്യാർഥികൾക്കും തങ്ങളുടെ ധ്യാനമന്ദിരത്തിൻ്റെ ഭാഗമായ കെട്ടിടങ്ങളിൽ അഭയം നൽകി. ഭക്ഷണവും വെള്ളവും നൽകാനും വിശ്രമത്തിനു വേണ്ടി ഹീറ്റിംഗ് സംവിധാനം ഉള്ള മുറി ഒരുക്കാനും ആ കോൺവെൻ്റിലെ മറ്റ് രണ്ട് മലയാളി കന്യാസ്ത്രീകളും ഉക്രൈൻകാരായ 18 കന്യാസ്ത്രീകളും കഠിനപരിശ്രമം തന്നെ നടത്തി.
ഉക്രൈനിലെ സിസ്റ്റേഴ്സ് ഓഫ് സെൻ്റ് ജോസഫ് ഓഫ് സെൻ്റ് മാർക്ക് കോൺവെൻ്റിലെ സിസ്റ്റർ ലിജിയും കൂട്ടരും നിരവധി ഗ്രൂപ്പ് വിദ്യാർത്ഥികളെ അതിർത്തിയിൽ എത്തിച്ചു. മൂന്നു രാജ്യങ്ങളുടെ അതിർത്തി കടക്കാൻ ഉക്രൈൻ സുഹൃത്തുക്കളുടെ സഹായം തേടിയ സിസ്റ്റർ ലിജി അത്യാവശ്യ സാഹചര്യങ്ങളിൽ കോൺവെൻ്റിലെ വണ്ടി സ്വയം ഡ്രൈവ് ചെയ്തു വിദ്യാർത്ഥികളെ അതിർത്തി കടക്കാൻ സഹായിച്ചു. 20 വർഷത്തിൽ അധികമായി ഉക്രൈനിൽ സേവനം ചെയ്യുന്ന സിസ്റ്റർ ലിജിക്ക് ഉക്രൈൻ ഗവൺമൻ്റ് ബഹുമാന സൂചകമായി നൽകിയ ഉക്രൈൻ പൗരത്വം ഈ ഒരു സാഹചര്യത്തിൽ വളരെ ഉപകാരമായി തീർന്നു.
ഇന്നലെ വൈകിട്ട് 1500 കുട്ടികളെ സ്ലോവാക്യയായുടെ അതിർത്തിയിലേയ്ക്ക് സിസ്റ്റർ ലിജി പയ്യമ്പള്ളിയുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. മാതാപിതാക്കളുടെ അനുവാദത്തോടെ സ്വന്തം റിസ്കിൽ ട്രെയിനിൽ കയറിയ വിദ്യാർത്ഥികൾ ഉഷ്ഹോറോഡ് ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടപ്പോൾ ഉഷ്ഹോറോഡ് യൂണിവേഴ്സിറ്റിയിലെ ഡയറക്ടർ അലക്സാണ്ടറുമായി സിസ്റ്റർ ലിജി സംസാരിച്ചു വേണ്ട മുൻകരുതലുകൾ എടുത്തു.
ദുരന്തഭൂമിയിൽ നിരിലംബർക്കായി സേവനം ചെയ്യുന്ന ഈ കന്യാസ്ത്രീമാർ തങ്ങളുടെ മേന്മയോ, കഷ്ടപ്പാടോ, ത്യാഗങ്ങളോ വിളിച്ച് പറയാൻ ഒരു മീഡിയയുടെയോ, ക്യാമറയുടെയോ മുമ്പിൽ എത്താതെ നിശബ്ദ സേവനം ചെയ്യുന്ന നമ്മുടെ സഹോദരികളായ മാലാഖമാർക്ക് അഭിനന്ദന ത്തിൻറെ പൂച്ചെണ്ടുകൾ.