തിരുവനന്തപുരം: പരിശോധനക്ക് വിധേയരാകുന്ന രണ്ടിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന തിരുവനന്തപുരം ജില്ലയില്‍ ഇന്ന് മുതല്‍ സിന്‍ഡ്രമിക് മാനേജ്മെന്റ് രീതി അവലംബിക്കാന്‍ തീരുമാനം.രോഗലക്ഷണമുള്ളവര്‍ രോഗി എന്ന് നിശ്ചയിച്ച് പരിശോധന കൂടാതെ ക്വാറന്റീനിലേക്ക് കടക്കുന്നതാണ് സിന്‍ഡ്രമിക് മാനേജ്മെന്റ്.
ജില്ലയെ സി കാറ്റഗറിയില്‍ പെടുത്തിയതോടെ തുടര്‍ കാര്യങ്ങള്‍ നിശ്ചയിക്കാന്‍ ഇന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ യോഗം ചേരും. യോഗത്തില്‍ മന്ത്രിമാരും പങ്കെടുക്കുമെന്നാണ് അറിയുന്നത്. രോഗ നിയന്ത്രണത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ ഏകോപനമാണ് ചര്‍ച്ചാ വിഷയം.
കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെക്രട്ടേറിയറ്റില്‍ ജോലിക്ക് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കും. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 20 ആയിരിക്കും. ജില്ലയില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
