തിരുവനന്തപുരം: സംസ്ഥാനത്തു ഉന്നത പദവി വഹിക്കുന്ന ഉന്നത രാഷ്ട്രീയ നേതാവിന് ഡോളർ കടത്തിൽ പങ്കുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതിയുടെ മൊഴി. സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ പി.എസ്. സരിത് കസ്റ്റംസിനോടാണ് രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. സരിത്തിന്റെ മൊഴി സ്ഥിരീകരിച്ചും തനിക്ക് ആ നേതാവുമായുള്ള ഉറ്റബന്ധം വെളിപ്പെടുത്തിയും മറ്റൊരു പ്രതിയായ സ്വപ്ന സുരേഷും മൊഴി നൽകിയിട്ടുണ്ട്. പരിശോധനയില്ലാതെ വിമാനം വരെ പോകാവുന്ന വിഐപി പരിരക്ഷയാണ് ഈ നേതാവിന് വിമാനത്താവളത്തിൽ ലഭിച്ചിരുന്നത്. അതു ദുരുപയോഗം ചെയ്തെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ആരോപണവിധേയനായ ഈ നേതാവ് നടത്തിയ നിരവധി വിദേശയാത്രകളുടെ വിവരവും കസ്റ്റംസ് സംഘം പരിശോധിക്കുന്നുണ്ട്. താമസിയാതെ തന്നെ നേതാവിനെയും ചോദ്യം ചെയ്യിലിനു വിളിപ്പിക്കേണ്ടി വരുമെന്നതിനാൽ ഇതിന്റെ നിയമവശവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
നേതാവ് കൈമാറിയ പണം, അതിനു പകരമായി ഡോളർ നൽകിയ സ്ഥലം എന്നിവയടക്കമുള്ള വിശദാംശങ്ങളും സരിത്ത് കസ്റ്റംസിനോട് വെളിപ്പെടുത്തിയെന്നാണ് വിവരം. ഇടപാടിൽ താൻ നൽകിയ സഹായത്തെക്കുറിച്ച് സ്വപ്നയും വെളിപ്പെടുത്തിയിട്ടുണ്ട്.
സ്വർണക്കടത്ത് കേസിനൊപ്പം ഡോളറാക്കിയ പണത്തിന്റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്വിശദ അന്വേഷണത്തിനൊരുങ്ങുകയാണ്. ഏതു തരത്തിലുള്ള പണമാണു കൈമാറ്റം ചെയ്തതെന്നും ഇതിൽ ആർക്കൊക്കെ സാമ്പത്തിക പങ്കാളിത്തമുണ്ടെന്നുമാണ് അന്വേഷിക്കുന്നത്.