കൊച്ചി : സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും സാമ്പത്തിക കുറ്റവിചാരണ കോടതി അഞ്ചു ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ ശനിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കണം. അതേസമയം കേസിലെ പ്രധാന പ്രതികളായ ഫൈസൽ ഫരീദിനും റബിൻസിനുമെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദിപ് നായരെയും അഞ്ചു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകിയത്. പ്രതികളുടെ വിശദമായ ചോദ്യം ചെയ്യലിനായി കോടതി ഇത് അംഗീകരിച്ച് ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ അഞ്ചു ദിവസത്തേയ്ക്കാണ് കസ്റ്റഡിയിൽ വിട്ടത്. എൻ.ഐ.എ കസ്റ്റഡിയിൽ കസ്റ്റംസ് ചോദ്യം ചെയ്തതിനാൽ ഇത്രയും ദിവസം കസ്റ്റഡിയിൽ വിടുന്നനതിനെ സ്വപ്നയുടെ അഭിഭാഷകൻ എതിർത്തു. കേസിൽ കൂടുതൽ വിശദമായി ചോദ്യം ചെയ്യേണ്ടടതുണ്ടെന്ന കസ്റ്റംസിന്റെ ആവശ്യം പരിഗണിച്ച് കോടതി അഞ്ചു ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു.