കാക്കനാട്: രണ്ടര വയസ്സുകാരിക്ക് ദേഹമാസകലം ഗുരുതര പരിക്കേറ്റ സംഭവത്തില്‍ ദുരൂഹതയേറുന്നതായി പോലീസ്. ബന്ധുക്കളുടെ പരസ്പര വിരുദ്ധമായ മൊഴികളും, സാഹചര്യതെളിവുകളുടെ അഭാവവുമാണ് സംഭവത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്.സംഭവത്തില്‍ തൃക്കാക്കര പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
കാക്കനാട് തെങ്ങോട് വാടകയ്ക്ക് താമസിക്കുന്ന 38-കാരിയുടെ മകളെയാണ് ഞായറാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നട്ടെല്ലിനുള്‍പ്പെടെ കുട്ടിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കുഞ്ഞ് സ്വയം പരിക്കേല്‍പ്പിച്ചതാണെന്നാണ് ബന്ധുക്കളുടെ നിലപാട്. കുട്ടിയുടെ ദേഹത്ത് ഗുരുതര മുറിവുള്ളതിനാലാണ് ആരോ മനപ്പൂര്‍വ്വം ചെയ്തതെന്ന് പോലീസ് സ്ഥിരീകരിച്ചത്. രണ്ടര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന് നട്ടെല്ലിനും മറ്റും സ്വയം മുറിവുണ്ടാക്കാനാകുമോ എന്നാണ് പോലീസിന്റെ ചോദ്യം.
കുട്ടി ഹൈപ്പര്‍ ആക്ടീവാണെന്നും സ്വയം പരിക്കേല്‍പ്പിച്ചതാണെന്നും അമ്മ മൊഴി നല്കി. അതേസമയം, കുട്ടി അപസ്മാരം വന്ന് വീണപ്പോള്‍ ഉണ്ടായ പരിക്കാണെന്നാണ് ബന്ധുക്കള്‍ ആദ്യം പറഞ്ഞത്. പിന്നീട് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍, കുട്ടിയ്ക്ക് ബാധ കയറിയതാണെന്നും മുകളില്‍ നിന്ന് സ്വയം എടുത്ത് ചാടുകയും മുറിവേല്‍ക്കുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ മൊഴി മാറ്റി പറഞ്ഞു. കുന്തിരിക്കം കത്തിച്ചപ്പോഴാണ് കുട്ടിയുടെ കൈയ്ക്ക് പൊള്ളലേറ്റതെന്നും ബന്ധുക്കള്‍ പറയുന്നു. ദിവസങ്ങളോളം പഴക്കമുള്ള മുറിവ് കുട്ടിയുടെ ദേഹത്തുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
കുട്ടിയെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതാണെന്നാണ് പോലീസ് സംശയം. എന്നാല്‍ ഇത് സ്ഥിരീകരിക്കാനായിട്ടില്ല. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച അമ്മയോടും അമ്മൂമ്മയോടും ഡോക്ടര്‍മാര്‍ വിവരങ്ങള്‍ തിരക്കിയപ്പോള്‍ ഇരുവരും പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. ഇതോടെയാണ് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിച്ചത്.
