ന്യൂഡല്‍ഹി: ലോക്സഭയില്‍ വീണ്ടും പ്രതിപക്ഷ എം.പിമാരെ കൂട്ടമായി സസ്പെന്‍ഡ് ചെയ്തു. 50 എം.പിമാരാണ് ചൊവ്വാഴ്ച സസ്പെന്‍ഷനിലായത്. കേരളത്തില്‍ നിന്നുള്ള എം.പിമാരായ കെ.സുധാകരനും, ശശി തരൂരും, അബ്ദുസ്സമദ് സമദാനിക്കും സസ്പെന്ഷന്. പാര്‍ലമെന്റിൽ ഈ സമ്മേളന കാലയളവില്‍ മാത്രം 142 പ്രതിപക്ഷ എം.പിമാരാണ് സസ്പെന്‍ഷനിലായത്. ലോക്സഭയിലുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങളെ തിങ്കളാഴ്ച കൂട്ടത്തോടെ സസ്പെൻഡ് ചെയ്തിരുന്നു. ഇരുസഭകളിലുമായി 78 അംഗങ്ങളെയാണ് ഒറ്റദിവസം സസ്പെന്‍ഡ് ചെയ്തത്.ഇവരിൽ കേരളത്തിൽനിന്നുള്ള 14 എം.പി.മാരും ഉൾപ്പെട്ടിരുന്നു.
സമീപകാല ചരിത്രത്തില്‍ ഇത്രയധികം അംഗങ്ങളെ ഒറ്റദിവസം സസ്പെന്‍ഡ് ചെയ്യുന്നത് ആദ്യമായിട്ടാണ്. ഇന്ദിരാഗാന്ധിയുടെ വധമന്വേഷിച്ച ജസ്റ്റിസ് താക്കര്‍ കമ്മിഷന് റിപ്പോര്‍ട്ടിനെച്ചൊല്ലി പ്രതിഷേധിച്ച 63 അംഗങ്ങളെ 1989 മാര്‍ച്ച് 15-ന് പാര്‍ലമെന്റില്‍ ഒറ്റദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.