
അഹമ്മദാബാദ്: ടി20 ലോകകപ്പിൽ ചരിത്രവിജയം കുറിച്ചതിന് പിന്നാലെ അഹമ്മദാബാദിലെ പ്രസിദ്ധമായ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ ടീം അംഗങ്ങൾ. ലോകകപ്പ് കിരീടവുമായാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, ഐസിസി ചെയർമാൻ ജയ് ഷാ എന്നിവർ ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടിയത്.
ഞായറാഴ്ച നടന്ന ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകിരീടം സ്വന്തമാക്കിയിരുന്നു. കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡും സ്വന്തം മണ്ണിൽ ലോകകപ്പ് ഉയർത്തുന്ന ആദ്യ രാജ്യമെന്ന റെക്കോര്‍ഡും ഈ വിജയത്തോടെ ഇന്ത്യക്ക് സ്വന്തമായി. ചരിത്രനേട്ടത്തിന് പിന്നാലെയാണ് ടീമിന്റെ അമരക്കാർ വിജയത്തിന് നന്ദി പറയാൻ ക്ഷേത്രത്തിലെത്തിയത്. നായകൻ സൂര്യകുമാർ യാദവ് ലോകകപ്പ് കിരീടം കൈകളിലേന്തിയാണ് ദർശനം നടത്തിയത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡിന്റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇന്ത്യൻ ബാറ്റർമാർ പുറത്തെടുത്തത്. 21 പന്തിൽ 52 റൺസ് നേടി ഇന്ത്യക്ക് വെടിക്കെട്ട് തുടക്കം നൽകി. സഞ്ജുവും ഇഷാൻ കിഷനും (25 പന്തിൽ 54) ചേർന്നുള്ള തകർപ്പൻ കൂട്ടുകെട്ട് ഇന്ത്യയെ 16 ഓവറിൽ തന്നെ 200 കടത്തി. അവസാന നിമിഷം 8 പന്തിൽ 26 റൺസുമായി ദുബെ കൂടി തകർത്താടിയതോടെ ഇന്ത്യ 255/5 എന്ന റെക്കോർഡ് സ്കോറിലെത്തി. ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്.


