കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നാലുവയസുകാരിക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയിൽ ഡോക്ടർക്കെതിരെ കേസെടുത്തു. അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോൺ ജോൺസണ് എതിരെയാണ് കേസെടുത്തത്. നാല് വയസുകാരിക്ക് വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയെന്ന കുടുബത്തിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.സംഭവത്തിൽ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്കി.
ചികിത്സാപ്പിഴവ് വരുത്തിയ ഡോക്ടർക്കെതിരെ നടപടിയെടുക്കുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് നേരത്തെ അറിയിച്ചിരുന്നു. കൈയിലെ ആറാംവിരൽ നീക്കംചെയ്യാനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടിയുടെ നാവിനായിരുന്നു ഓപ്പറേഷൻ നടത്തിയത്. ചെറുവണ്ണൂർ മധുരബസാർ സ്വദേശിനിക്കാണ് ദുരനുഭവം ഉണ്ടായത്. അതേസമയം സംഭവത്തിൽ ഡോക്ടറെ ന്യായീകരിച്ച് കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) രംഗത്തെത്തിയിരുന്നു. ഡോക്ടറെ സസ്പെൻഡ് ചെയ്ത നടപടി നിർഭാഗ്യകരമെന്ന് മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ കുറ്റപ്പെടുത്തി. വസ്തുതകൾ അന്വേഷിക്കാതെയും കൃത്യമായ അന്വേഷണം നടത്താതെയും ധൃതി പിടിച്ചു നടത്തിയ സസ്പെൻഷൻ നിർഭാഗ്യകരമാണ്. ഇത്തരം നടപടികൾ പ്രതികൂലമായ സാഹചര്യങ്ങളിലും സ്തുത്യർഹമായ സേവനം നൽകുന്ന മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ ആത്മവീര്യം തകർക്കുമെന്നും കെ.ജി.എം.സി.ടി.എ പ്രസ്താവനയിൽ അറിയിച്ചു.നാലുവയസുകാരിയുടെ നാക്കിൻ്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും സംഘടന വിശദീകരിച്ചു.