തിരുവനന്തപുരം: നിർദ്ധന കുടുംബങ്ങളിലെ രോഗികളായ കുട്ടികളെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിൽ കുട്ടികളുടെ ശസ്ത്രക്രിയകൾ അനിശ്ചിതമായി വൈകുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
പരാതി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
കോവിഡിനെ തുടർന്ന് ഏപ്രിൽ 22 മുതലാണ് നിശ്ചയിച്ച ശസ്ത്രക്രിയകൾ പോലും നിർത്തിവച്ചത്. ഓപ്പറേഷൻ തിയേറ്ററുകൾ അടച്ചിട്ടിരിക്കുകയാണ്. ഇവ എന്നു തുറക്കുമെന്ന് ആർക്കുമറിയില്ല. വിദഗ്ദ്ധ ചികിത്സയും ശസ്ത്രക്രിയയും നീണ്ടുപോകുന്നത് കുട്ടികളെയും രക്ഷകർത്താക്കളെയും ആശങ്കാകുലരാക്കുന്നു.
വിവിധ ആശുപത്രികളിൽ നിന്നും റഫർ ചെയ്ച കുട്ടികളാണ് എസ് എ റ്റിയിൽ ശസ്ത്രക്രിയ തുടങ്ങാൻ കാത്തിരിക്കുന്നത്. ഇവർക്ക് സ്വകാര്യാശുപത്രികളിലെ ഭാരിച്ച ചികിത്സാ ചെലവ് നേരിടാൻ കഴിയില്ല. അടിയന്തിര കേസുകൾ നടത്താൻ ഒരു ടേബിൾ മാത്രമാണ് എസ് എ റ്റിയിൽ ഉള്ളത്. ഒന്നിലധികം അടിയന്തിര കേസുകൾ വന്നാൽ പ്രതിസന്ധി രൂക്ഷമാവും.
എസ് എ റ്റി ആശുപത്രിയിൽ ശസ്ത്രക്രിയകൾ പുനരാരംഭിച്ച് കുട്ടികളുടെ ജീവൻ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന്പൊതു പ്രവർത്തകരായ നജീബ് ബഷീർ ജോസ് വൈ ദാസ് എന്നിവർ സമർപ്പിച്ച പരാതിയിൽ ആവശ്യപ്പെട്ടു.