
ലക്നൗ: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമില്‍ ആരാകും അഭിഷേക് ശര്‍മയുടെ ഓപ്പണിംഗ് പങ്കാളിയെന്നിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍. അഭിഷേകിന്റെ ഓപ്പണിംഗ് പങ്കാളി ആരാകുമെന്ന കാര്യത്തില്‍ ടീം മാനേജ്മെന്റ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണര്‍മാരായി ശുഭ്മാന്‍ ഗില്ലും മലയാളി താരം സഞ്ജു സാംസണുമാണ് ടീമിലുള്ളത്. ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായതിനാല്‍ ശുഭ്മാന്‍ ഗില്‍ അഭിഷേകിനൊപ്പം ഓപ്പണറാവുമെന്ന് വിലയിരുത്തലുണ്ടെങ്കിലും കേരള ക്രിക്കറ്റ് ലീഗില്‍ ഓപ്പണറായി ഇറങ്ങി തകര്‍പ്പന്‍ പ്രകടനം നടത്തുന്ന സഞ്ജുവും ഓപ്പണിംഗ് സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു.
ഇതിനിടെ അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ ആരാകണം ഇന്ത്യയുടെ ഓപ്പണര്‍മാര്‍ എന്ന് തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം സുരേഷ് റെയ്ന. ഓപ്പണിംഗ് സ്ഥാനത്തേക്ക് സഞ്ജുവിനെയോ ഗില്ലിനെയോ റെയ്ന പരിഗണിച്ചില്ലെന്നതും ശ്രദ്ധേയമാണ്. നിലവില്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്, ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്ക്വാദ്, കെ എല്‍ രാഹുല്‍ എന്നിങ്ങനെ നിരവധി സാധ്യതകളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇവരില്‍ യശസ്വി ജയ്സ്വാളിനെ അടുത്തവര്‍ഷത്തെ ടി20 ലോകകപ്പില്‍ ഓപ്പണറായി എന്താലായും പരിഗണിക്കണമെന്ന് റെയ്ന പറഞ്ഞു. രണ്ടാം ഓപ്പണറായി റെയ്ന തെരഞ്ഞെടുത്തത് അഭിഷേക് ശര്‍മയുടെ പേരാണ്. എന്നാല്‍ മൂന്നാം ഓപ്പണറായി സഞ്ജുവിനെയോ ഗില്ലിനെയോ തെരഞ്ഞെടുക്കാതിരുന്ന റെയ്ന കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബിനായി തകര്‍ത്തടിച്ച പ്രിയാന്‍ഷ് ആര്യയെയാണ് നിര്‍ദേശിക്കുന്നത്.
എനിക്ക് തോന്നുന്നത് അടുത്ത ലോകകപ്പില്‍ ഓപ്പണറായി എത്തുന്ന ഒരാള്‍ യശസ്വി ആയിരിക്കും. അവനൊപ്പം പ്രിയാന്‍ഷ് ആര്യയെയയും അഭിഷേക് ശര്‍മയെയും സഹ ഓപ്പണര്‍മാരായി പരിഗണിക്കാം. പിന്നെയും നിരവധി സാധ്യതകള്‍ ഇന്ത്യക്ക് മുന്നിലുണ്ട്, സഞ്ജുവും രാഹുലും റുതുരാജും എല്ലാവരും ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാവുന്നവരായി ഉണ്ട്. എന്നാല്‍ യശസ്വി ജയ്സ്വാളിനൊപ്പം ഞാന്‍ തെരഞ്ഞെടുക്കുക അഭിഷേക് ശര്‍മയെയാണ്. ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനായാല്‍ സ്വാഭാവികമായും ടീമിലെത്തുമെന്നും റെയ്ന പറഞ്ഞു.
