തിരുവനന്തപുരം: സി.പി.എം വനിതാ നേതാക്കൾക്കെതിരെ കെ.സുരേന്ദ്രൻ നടത്തിയ പരാമർശത്തിൽ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്.നായർ. സുരേന്ദ്രന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരമാണെന്നും സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ തരംതാണ മനോഭാവത്തിന്റെ പ്രതിഫലനമാണെന്നും വീണ പരാതിയിൽ ചൂണ്ടിക്കാട്ടി. സുരേന്ദ്രനെതിരെ പോലീസ് കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
വീണയുടെ പരാതി അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ ഹൈടെക് സെല്ലിനെ ഡി.ജി.പി ചുമതലപ്പെടുത്തി. തൃശൂരിൽ മഹിളാ മോർച്ച സംഘടിപ്പിച്ച സ്ത്രീശക്തി പരിപാടിയിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വിവാദ പ്രസ്താവന നടത്തിയത്. സി.പി.എമ്മിന്റെ വനിതാ നേതാക്കൾ പണം അടിച്ചുമാറ്റി തടിച്ചുകൊഴുത്തെന്നായിരുന്നു സുരേന്ദ്രൻ്റെ പരാമർശം.