ഡൽഹി: കൊട്ടിയൂര്‍ പീഡന കേസിലെ കുറ്റവാളിയുടെയും ഇരയുടെയും ഹര്‍ജി സുപ്രീംകോടതി തള്ളി. കേസിലെ പ്രതിയായ റോബിന് വടക്കുംചേരിക്ക് ജാമ്യം അനുവദിക്കില്ല. ഹര്‍ജികളില്‍ ഇടപെടില്ലെന്ന് പറഞ്ഞ സുപ്രീംകോടതി ഇരുവര്‍ക്കും വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും അറിയിച്ചു.
ഇരയായ പെൺകുട്ടിയെ വിവാഹം ചെയ്യാൻ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി റോബിൻ വടക്കുംചേരിയും ഇരയായ പെൺകുട്ടിയും ഹര്‍ജി സമര്‍പ്പിച്ചത്. വിവാഹത്തിനായി രണ്ട് മാസത്തെ ജാമ്യം ആണ് പെൺകുട്ടി ആവശ്യപ്പെടുന്നത്. നാല് വയസുള്ള മകനെ സ്കൂളിൽ ചേർക്കുമ്പോൾ അച്ഛൻ്റെ പേര് രേഖപ്പെടുത്താൻ വിവാഹം അനിവാര്യമാണെന്നാണ് പെൺകുട്ടി സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നത്.
റോബിൻ വടക്കുംചേരി കൊട്ടിയൂര്‍ നീണ്ടുനോക്കി സെയിന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയായിരിക്കെ 2016ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കൊട്ടിയൂരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ 20 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയുമാണ് തലശ്ശേരി പോക്സോ കോടതി ഫാദർ റോബിന് ശിക്ഷ വിധിച്ചിരിക്കുന്നത്. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിവികാരി ആയിരിക്കെ പള്ളിയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയില്‍ 2017 ലാണ് റോബിൻ വടക്കുംചേരി അറസ്റ്റിലാകുന്നത്. പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും വിവരം പുറത്തറിയാതിരിക്കാൻ വൈദികൻ പണം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.