ന്യൂഡൽഹി: സുപ്രീകോടതി വിധിയോടെ നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള സംസ്ഥന സർക്കാരിന്റെ നീക്കം ദയനീയമായി പരാജയപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സുപ്രീംകോടതി വിധി മാനിച്ചു വിചാരണ നേരിടുന്ന വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉടൻ രാജിവെക്കണമെന്നും ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പൊതുമുതൽ നശിപ്പിച്ച കേസ് സർക്കാർ ഖജനാവിൽ നിന്നും പണം എടുത്ത് നടത്തുന്നത് അംഗീകരിക്കാനാവില്ല. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടത്ത് മന്ത്രിയും മുൻമന്ത്രിമാരും ജനപ്രതിനിധികളുമാണെന്നത് കേരളത്തിന് നാണക്കേടായി. പിഡിപിപി പോലെയുള്ള ജാമ്യം ലഭിക്കാത്ത ഗുരുതരമായ കേസിലാണ് മന്ത്രി വിചാരണ നേരിടുന്നത്. അദ്ദേഹത്തിന് അധികാരത്തിൽ തുടരാൻ ധാർമ്മികമായും നിയമപരമായും അവകാശമില്ല. നേരത്തെ ഇ.പി ജയരാജൻ തന്റെ പേരിലുള്ള കേസ് കോടതിയിൽ എത്തുന്നതിന് മുമ്പ് രാജിവെച്ചിരുന്നു. ജയരാജന് ഒരു നിയമവും ശിവൻകുട്ടിക്ക് മറ്റൊരു നിയമവുമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മന്ത്രി രാജിവയ്ക്കുന്നില്ലെങ്കിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം. നിയമത്തിന് മുന്നിൽ എല്ലാവരും സമൻമാരാണെന്ന തത്ത്വമാണ് ശിവൻകുട്ടി ലംഘിച്ചത്. അപക്വമായ നിലപാട് മാറ്റി അധികാരത്തിൽ തുടരാതെ രാജിവയ്ക്കണം. തരംതാണ പ്രവൃത്തി കാണിച്ച ശിവൻകുട്ടി മന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കൊവിഡിനെ നേരിടുന്നതിൽ കേരളം പൂർണമായും പരാജയപ്പെട്ടു. പി.ആർ വർക്ക് മാത്രമേ കേരളത്തിൽ നടക്കുന്നുള്ളൂ. വാക്സിനേഷനിൽ മുൻഗണനാക്രമം അട്ടിമറിക്കുകയാണ് സർക്കാർ. പലയിടത്തും രാഷ്ട്രീയ താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ അനർഹർക്ക് വാക്സിൻ നൽകുകയും ഭീതിപരത്തുകയാണ്. ആരോഗ്യമന്ത്രി വീണാ ജോർജ് സമ്പൂർണ്ണ പരാജയമാണ്. കേരള സർക്കാർ അടിയന്തരമായി ഒരു പ്രതിനിധി സംഘത്തെ യുപിയിലേക്ക് അയക്കണം. എങ്ങനെയാണ് 25 കോടി ജനങ്ങളുള്ള സംസ്ഥാനത്തെ കൊവിഡ് പ്രതിരോധമെന്ന് പിണറായി വിജയൻ പഠിക്കണം. യുപിയിൽ വീട് വീടാന്തരം ആരോഗ്യപ്രവർത്തകർ വാക്സിൻ എത്തിക്കുന്നു. പട്ടികജാതി കമ്മീഷനെ ബിജെപി നേതാക്കൾ സന്ദർശിച്ചുവെന്നും സുരേന്ദ്രൻ അറിയിച്ചു. തിരുവനന്തപുരത്തെ എസ്.സി ഫണ്ട് തട്ടിപ്പിനെ കുറിച്ച് കമ്മീഷന് പരാതി നൽകി. കേരളത്തിൽ നടക്കുന്ന പട്ടികജാതി പീഡനത്തെ കുറിച്ച് കമ്മീഷനെ ബോധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, എസ്.സി മോർച്ചാ സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് എന്നിവരും സന്നിഹിതരായിരുന്നു.