
ന്യൂഡൽഹി: ആനയെഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗമെന്ന് സുപ്രീം കോടതി. ഉത്സവങ്ങളിൽ ആനയെഴുന്നള്ളിപ്പ് പൂർണമായി തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതി നടത്തുന്നതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ ബി വി നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. വളർത്തുനായയായ ബ്രൂണോ കൊല്ലപ്പെട്ടതിൽ സ്വമേധയാ എടുത്ത കേസിലാണ് ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി കേസിൽ കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്തു. ആനകളുടെ സർവേ എടുക്കണം എന്നതടക്കമുള്ള നിർദേശമാണ് സ്റ്റേ ചെയ്തത്.
കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ വിശ്വഗജസേവാ സമിതിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. സംഘടനയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകനായ വികാസ് സിംഗ് ആണ് ഹാജരായത്. ഡിവിഷൻ ബെഞ്ചിന്റെ നടപടികൾ പൂർണമായും സ്റ്റേ ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.കേരള ഹൈക്കോടതി ജഡ്ജിമാർക്ക് ‘പെറ്റ’ അടക്കമുള്ള മൃഗസംരക്ഷണ സംഘടനകളുമായി ബന്ധമുണ്ടെന്നും കേസിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് വിശ്വഗജസേവാ സമിതിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.അതേസമയം, നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതിയിലേയ്ക്ക് മാറ്റണമെന്ന തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ഹർജി സുപ്രീം കോടതി അംഗീകരിച്ചില്ല. ഹർജിയിൽ നിലവിൽ ഇടപെടാനില്ലെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. ഹർജി പിൻവലിക്കാനും അനുമതി നൽകി. തുടർന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ട്രാൻസ്ഫർ ഹർജികൾ ദേവസ്വങ്ങൾ പിൻവലിച്ചു.
