ന്യൂഡൽഹി: ബിൽക്കീസ് ബാനോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സർക്കാർ ജയിലിൽനിന്നു വിട്ടയച്ചത് സുപ്രീം കോടതി റദ്ദാക്കി. പ്രതികള്‍ ജയിലിലേക്ക് പോകണമെന്നു നിർദേശിച്ച കോടതി, തെറ്റായ വിവരങ്ങളാണ് ഇളവിനുള്ള അപേക്ഷയില്‍ സമര്‍പ്പിച്ചതെന്നും ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബി.വി. നഗരത്ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറഞ്ഞത്. അതിജീവിതയുടെ അവകാശങ്ങളും പ്രധാനമാണെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ഒരു സ്ത്രീ ബഹുമാനം അർഹിക്കുന്നു. സ്ത്രീകൾക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങൾക്ക് ഇളവ് അനുവദിക്കാനാകുമോയെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.
പ്രതികളെ വിട്ടയ്ക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്നും അവകാശമുണ്ടായിരുന്നത് വിചാരണ നടന്ന മഹാരാഷ്ട്ര സർക്കാരിനെന്നും കോടതി നിരീക്ഷിച്ചു. ബിൽക്കീസ് ബാനു നൽകിയ ഹർജി നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. ശിക്ഷ പ്രതികാര നടപടി അല്ലെന്നാണ് പ്ലേറ്റോ പറഞ്ഞത്. ശിക്ഷാ നടപടി ഒരു മരുന്നാണ്. ഒരു കുറ്റവാളിക്ക് മാറ്റമുണ്ടാകണം എങ്കിൽ അയാൾക്ക് സ്വാതന്ത്ര്യം ലഭിക്കണം. ഈ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ഹർജി പരിഗണിച്ചത്. എന്നാല്‍ ബിൽക്കീസ് അനുഭവിച്ച് ക്രൂരത കൂടി കണക്കിൽ എടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒരു പ്രതിക്ക് ഇളവ് നല്കാവുന്നത് പരിശോധിക്കാനുള്ള സുപ്രീം കോടതിയുടെ തന്നെ മുന്‍ ഉത്തരവിനോടും ബെഞ്ച് വിയോജിച്ചു. കുറ്റകൃത്യം നടന്ന സ്ഥലമോ ജയിലിൽ വാസം അനുഭവിച്ച സ്ഥലമോ ഏത് എന്നത് ഇളവ് നല്കാന് കാരണമല്ല. ഗുജറാത്ത് സര്‍ക്കാരിന് ഇളവ് നല്‍കാമെന്ന് ഒരു പ്രതിയുടെ കേസില്‍ സുപ്രീം കോടതി വിധിച്ചത് ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.