
ന്യൂഡല്‍ഹി: ബിഹാറിലെ പ്രത്യേക വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനയ്ക്ക് (എസ്ഐആര്‍) ശേഷം ഒഴിവാക്കപ്പെട്ട 3.66 ലക്ഷം വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ നല്കാന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. പുതുതായി ചേര്‍ത്തവരില്‍ ഭൂരിഭാഗവും പുതിയ വോട്ടര്‍മാരാണെന്നും ഒഴിവാക്കപ്പെട്ടവരില്‍നിന്ന് ആരും ഇതുവരെ പരാതിയോ അപ്പീലോ നല്‍കിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ അറിയിച്ചു.
മരണം, താമസം മാറ്റം, പേരുകളിലെ ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ യഥാര്‍ത്ഥ പട്ടികയില്‍നിന്ന് 65 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കി ഓഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ കരട് പട്ടികയില്‍ 17.87 ലക്ഷം വോട്ടര്‍മാരുടെ വര്‍ധനവുണ്ട്. കരട് പട്ടികയിലേക്ക് 21.53 ലക്ഷം പുതിയ വോട്ടര്‍മാരെ ചേര്‍ത്തപ്പോള്‍, 3.66 ലക്ഷം പേരുകള്‍ നീക്കം ചെയ്തു. ഇതോടെ 17.87 ലക്ഷത്തിന്റെ വര്‍ധനവുണ്ടായി. പ്രത്യേക തീവ്ര പുനഃപരിശോധനയെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ വ്യാഴാഴ്ചയ്ക്കകം ഒഴിവാക്കപ്പെട്ട വോട്ടര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്.
കരട് വോട്ടര്‍ പട്ടിക എല്ലാവരുടെയും കൈവശമുണ്ട്. അന്തിമ പട്ടിക സെപ്റ്റംബര്‍ 30-ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനാല്‍ താരതമ്യ വിശകലനത്തിലൂടെ ആവശ്യമായ വിവരങ്ങള്‍ നല്‍കാനാകുമെന്ന് സുപ്രീംകോടതി പറഞ്ഞു. കോടതി ഉത്തരവുകള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൂടുതല്‍ സുതാര്യതയും പ്രവേശനക്ഷമതയും കൊണ്ടുവന്നിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് രാകേഷ് ദ്വിവേദിയോട് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.
അന്തിമ പട്ടികയിലെ വോട്ടര്‍മാരുടെ എണ്ണം കരട് പട്ടികയേക്കാള്‍ വര്‍ധിച്ചതിനാല്‍ ആശയക്കുഴപ്പം ഒഴിവാക്കാന്‍ പുതുതായി ചേര്‍ത്തവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ബെഞ്ച് ആവശ്യപ്പെട്ടു.
