ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്ത്യയില്‍ ദൃശ്യമാകാന്‍ ഇനി ഒരു ദിവസം മാത്രം. ഇന്ത്യയില്‍ വ്യാഴാഴ്ച രാത്രിയാണ് സൂപ്പര്‍ മൂണ്‍ ദൃശ്യമാകുക. ചന്ദ്രന് അതിന്റെ ഭ്രമണപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുക്കുന്ന സമയത്തെ പൗര്‍ണമിയെയാണ് സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്. ഈ സമയത്ത് ചന്ദ്രനെ സാധരണ പൗര്‍ണമി ദിവസത്തേക്കാള്‍ അപേക്ഷിച്ച് കൂടുതല്‍ വലിപ്പത്തിലും കൂടുതല്‍ പ്രകാശത്തിലുമാണ് ദൃശ്യമാകുക.
ഭൂമിയില്‍ നിന്ന് 3,57,418 കിലോമീറ്റര്‍ ദൂരത്തായിരിക്കും വരാന്‍ പോകുന്ന സൂപ്പര്‍ മൂണില്‍ ചന്ദ്രന്റെ സ്ഥാനം. ഈ വര്‍ഷം ജൂണ്‍ 14ലെ സൂപ്പര്‍ മൂണ്‍ സമയത്തേക്കാളും 200 കിലോമീറ്റര്‍ അടുത്തായിരിക്കും ഇത്തവണത്തെ സൂപ്പര്‍ മൂണ്‍.
ഒരു വര്‍ഷം മൂന്നോ നാലോ സൂപ്പര്‍ മൂണ്‍ പ്രതിഭാസങ്ങളാണ് ഉണ്ടാകാറുള്ളത്. തുടര്‍ച്ചയായ മാസങ്ങളിലായിരിക്കും സൂപ്പര്‍ മൂണ്‍ ഉണ്ടാകുക. ഈ വര്‍ഷത്തെ മൂന്നാമത്തേതും അവസാനത്തേതുമായ സൂപ്പര്‍ മൂണ്‍ നവംബറിലാണ്.