
കോഴിക്കോട്: കേരളത്തിലെ നാല് സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ എറണാകുളത്ത് നടത്താന്‍ നിശ്ചയിച്ച വഖഫ്-ഭരണഘടന സംരക്ഷണ സമ്മേളനത്തില്‍ നിന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ഒഴിവാക്കിയതിനെച്ചൊല്ലി വിവാദം. തങ്ങളെ മാറ്റിനിര്‍ത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ലീഗ് അനുകൂല വിഭാഗം ആരോപിച്ചു. മെയ് മാസം നാലിനാണ് കൊച്ചിയില്‍ വഖഫ്-ഭരണഘടന സംരക്ഷണ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ പ്രകാരം, സമസ്ത കേരള ജം-ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം സുന്നി ഗ്രൂപ്പ് നേതാവ് സയ്യിദ് ഇബ്രാഹിം അല്‍ ബുഖാരി തങ്ങള്‍, ദക്ഷിണ കേരള ജം-ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, കേരള സംസ്ഥാന ജം-ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി നജീബ് മൗലവി മമ്പാട് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് വ്യക്തമാക്കുന്നത്.
സുന്നി സംഘടനകള്‍ ഒരു വേദിയില്‍ ഒത്തുചേരുന്നത് വളരെ അപൂര്‍വമാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ സുന്നി ഐക്യത്തിലെ ഒരു വലിയ കുതിച്ചുചാട്ടമായാണ് ഈ സമ്മേളനത്തെ വിലയിരുത്തപ്പെടുന്നത്. അതേസമയം സമ്മേളനത്തില്‍ നിന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മാറ്റിനിര്‍ത്തുന്ന നടപടിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരും അനുകൂലികളും കടുത്ത അതൃപ്തിയിലാണ്. സാദിഖലി തങ്ങളെ ക്ഷണിക്കാത്തത് എന്തുകൊണ്ടാണെന്ന് സംഘാടകരോട് ചോദിച്ചപ്പോള്‍, ഇത് രാഷ്ട്രീയ പരിപാടിയല്ലെന്നാണ് മറുപടി ലഭിച്ചതെന്ന് ഒരു സുന്നി നേതാവ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
മുസ്ലിം ലീഗ് നേതാവായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ക്ഷണിച്ചാല്‍, മറ്റു പാര്‍ട്ടിയിലേയും നേതാക്കളെ ക്ഷണിക്കേണ്ടി വരുമെന്നാണ് സംഘാടകര്‍ പറഞ്ഞത്. ”പാണക്കാട് തങ്ങള്‍ ഞങ്ങള്‍ക്ക് ഒരു രാഷ്ട്രീയ നേതാവ് മാത്രമല്ല, അദ്ദേഹം മുസ്ലിം വിഭാഗത്തിന്റെ ആത്മീയ തലവന്‍ കൂടിയാണ്. തങ്ങളില്ലാതെ എറണാകുളത്ത് സമ്മേളനം സംഘടിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല”- സുന്നി നേതാവ് പറഞ്ഞു. അതേസമയം, സമസ്തയുമായി അടുത്ത ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ സമ്മേളനത്തിന്റെ പോസ്റ്റര്‍ തന്റെ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
കാന്തപുരം ഗ്രൂപ്പുമായി സമസ്തയുടെ വര്‍ദ്ധിച്ചുവരുന്ന അടുപ്പവും മുസ്ലിം ലീഗിനെ അലോസരപ്പെടുത്തുന്നുണ്ട്. ‘സുന്നി ഐക്യം’ സംബന്ധിച്ച ചര്‍ച്ചകള്‍ ലീഗിനെ നിയന്ത്രിക്കാനുള്ള ഒരു തന്ത്രം മാത്രമാണെന്ന് മുസ്ലിം ലീഗ് നേതൃത്വം വിശ്വസിക്കുന്നു. ഈ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ, കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ക്കെതിരായ സമസ്ത നേതാക്കളുടെ രചനകളും പ്രസംഗങ്ങളും വീണ്ടും കുത്തിപ്പൊക്കിയെടുക്കുന്നുണ്ട്. പാണക്കാട് കുടുംബാംഗങ്ങള്‍ കാന്തപുരത്തെയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളും സന്ദര്‍ശിക്കുന്നതിന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് എതിര് ഗ്രൂപ്പും തിരിച്ചടിക്കുന്നു.
