മനാമ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 92-ാമാത് പുനരൈക്യ വാർഷികാഘോഷം സുകൃതം-2022, ഗൾഫ്മേഖലാതലത്തിൽ സെപ്റ്റെംബർ 17, 2022 ശനിയാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെ ഷാർജ സെന്റ്. മൈക്കിൾസ് കത്തോലിക്കാ ദൈവാലയത്തിൽ വെച്ചു നടത്തപ്പെടുന്നു. ആഘോഷങ്ങളുടെ ഭാഗമായി മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനായ അഭിവന്ദ്യ കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാന, സെമിനാർ, പൊതുസമ്മേളനം എന്നിവ നടക്കും. ഗൾഫ് രാജ്യങ്ങളിലെ അജപാലന ശുശ്രൂഷയിൽ നിന്നും വിരമിച്ച അഭിവന്ദ്യ പോൾ ഹിൻഡർ പിതാവിന് യാത്രയയപ്പും, കാത്തലിക് വികാരിയെറ്റ് ഓഫ് സതേൺ അറേബിയയുടെ അപ്പസ്തോലിക് വികാർ ആയി ചുമതലയേറ്റ അഭിവന്ദ്യ പൗളോ മാർട്ടിനെല്ലി പിതാവിന് സ്വീകരണവും നൽകും .
കുവൈറ്റ്, ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യ, ഒമാൻ, യൂ എ ഇ എന്നി രാജ്യങ്ങളിൽ നിന്നുള്ള മലങ്കര സുറിയാനി കത്തോലിക്കാ സഭാ പ്രതിനിധികൾ ആഘോഷ പരിപാടികളിൽ പങ്കെടുക്കും. സെന്റ്. മൈക്കിൾസ് ഇടവക വികാരി ഫാ. സവരി മുത്തു, സഭയുടെ ഗൾഫ് കോർഡിനേറ്റർ ഫാ. ജോൺ തുണ്ടിയത്, യൂ എ ഇ കോർഡിനേറ്റർ ഫാ. ഡോ. റജി വറുഗീസ് മനക്കലേത്, ഫാ. ഡൊ. ഷാജി മാത്യൂസ് വാഴയിൽ, ഫാ. ഫിലിപ്പ് നെല്ലിവിള, ഫാ. മാത്യു ആലുംമൂട്ടിൽ, ഫാ. ജോർജ് താന്നിമൂട്ടിൽ, വിവിധ രാജ്യങ്ങളിലെ അൽമായ പ്രതിനിധികൾ എന്നിവർ പ്രസംഗിക്കും.