ഷിംല: സുഖ്വിന്ദർ സിംഗ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഷിംലയിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ പങ്കെടുത്തു.
രണ്ട് ദിവസത്തെ മാരത്തൺ ചർച്ചകൾക്ക് ശേഷമാണ് കോൺഗ്രസ് സുഖുവിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. പിസിസി പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ വീരഭദ്ര സിങ്ങിന്റെ ഭാര്യയുമായ പ്രതിഭാ സിംഗ്, മുകേഷ് അഗ്നിഹോത്രി എന്നിവരെ മറികടന്ന് സുഖുവിനെ പാർട്ടി ഹൈക്കമാൻഡ് പിന്തുണച്ചു. മുകേഷ് അഗ്നിഹോത്രിയെ ഉപമുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചു.
പ്രതിഭയെ അനുനയിപ്പിക്കാൻ മകൻ വിക്രമാദിത്യ സിങ്ങിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും രണ്ട് ഉപമുഖ്യമന്ത്രിമാരെ ആവശ്യമില്ലെന്ന നിലപാടാണ് ഹൈക്കമാൻഡ് സ്വീകരിച്ചത്. വിക്രമാദിത്യൻ മന്ത്രിസഭയിൽ സുപ്രധാന വകുപ്പ് നൽകാനാണ് സാധ്യത.