മനാമ: കേരള മുസ്ലിം നവോത്ഥാനം ചരിത്രവും ദർശനവും എന്ന ബൃഹദ് ഗ്രന്ഥം ബഹ്റൈൻ തല വരിചേർക്കൽ ആരംഭിച്ചു. അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ് ബഷിർ മദനി അബ്ദുൽ മജീദ് കുറ്റ്യാടിക്ക് നൽകിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. മുസ്ലിം ഐക്യ സംഘത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നാല് ബൃഹദ് വാള്യങ്ങളിലായി കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) ആണ് ഗ്രന്ഥം പുറത്തിറക്കുന്നത്. കേരള മുസ്ലിം ഐക്യസംഘം രൂപീകരിച്ചിട്ട് 2022ൽ നൂറു വർഷം പൂർത്തിയാകുന്ന വേളയിൽ അതിന്റെ പിൻമുറക്കാരായ കേരള നദ്വത്തുൽ മുജാഹിദീൻ വ്യത്യസ്ത പരിപാടികൾക്ക് രൂപം നൽകിയിരിക്കയാണ്. കേരളത്തിലും മറുനാടുകളിലെ ഇസ്ലാഹീ സെന്ററുകൾ കേന്ദ്രീകരിച്ചും വിവിധ പരിപാടികൾ നടന്നു വരികയാണ്. കേരളത്തിലെ ഇസ്ലാമിക ചരിത്രം ആവിർഭാവം മുതൽ തുടങ്ങി ഇപ്പോൾ വരെ എത്തിനിൽക്കുന്ന വിശദമായ ചരിത്ര ആവിഷകാരം നിർവ്വഹിക്കുന്ന ഗ്രന്ഥം ഒരു മുതൽക്കൂട്ടാവുമെന്ന് അബ്ദുൽ മജീദ് കുറ്റ്യാടി അഭിപ്രായപ്പെട്ടു.
ആധുനിക ചരിത്രരചനാശാസ്ത്രത്തിന്റെ ശൈലിയും സങ്കേതങ്ങളും പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് മികച്ചരീതിയിൽ ഗവേഷണം നടത്തിയും നിഷ്കൃഷ്ടമായ അക്കാഡമിക് നിലവാരമുള്ള ചരിത്രരചനയായിരിക്കുമെന്ന് ഗ്രന്ഥത്തെ പരിചയപ്പെടുത്തി സംസാരിച്ച അൽ ഫുർഖാൻ ജനറൽ സെക്രട്ടറി സുഹൈൽ മേലടി അഭിപ്രായപ്പെട്ടു. ഭാഷയിലും ശൈലിയിലും വാദങ്ങളിലും വ്യക്തതയും കൃത്യതയും പുലർത്തിയും പ്രഗൽഭരായ എഴുത്തുകാരാണ് രചന നടത്തുന്നത്. നിഷ്പക്ഷത, നീതിബോധം, അക്കാഡമിക് ആധികാരികത, റഫറൻസുകൾ, ഗ്രന്ഥ സൂചിക എന്നിവ അടിസ്ഥാനമാക്കിയായിരിക്കും രചന എന്ന് പരിപാടിയിൽ സംസാരിച്ച സൈഫു ഖാസിം പറഞ്ഞു.
പരിപാടിയിൽ ആക്റ്റിംഗ് പ്രസിഡന്റ് മൂസ സുല്ലമി അധ്യക്ഷത വഹിച്ചു. ജാഫർ മുഹിയിദ്ദിൻ, അനൂപ് തിരൂർ, ഇല്യാസ് കക്കയം, അബ്ദുസ്സലാം ബേപ്പൂർ, മനാഫ് പാലക്കട്, യുസുഫ് കെ പി. അബ്ദുല്ല അൽ മൊയ്യദ്, മുജീബു റഹ്മാൻ നാദാപുരം, അബ്ദുൽ അസീസ് താണിശ്ശേരി, നജീബ് ആലപ്പുഴ എന്നിവർ പരിപാടിക്ക് നേതൃത്ത്വം നൽകി.
