തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ വിദ്യാർഥികളെ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കേരളത്തിലെ കരിക്കുലം കമ്മിറ്റി അത്തരം ഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള പുസ്തകങ്ങൾ ഓണാവധി കഴിഞ്ഞ സ്കൂളിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ‘‘രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധം സംബന്ധിച്ച ഭാഗങ്ങൾ, ജവഹർലാൽ നെഹ്റുവിന്റെ ഭരണകാലത്തെ കാര്യങ്ങൾ സംബന്ധിച്ചത്, ഗുജറാത്ത് കലാപം ഇങ്ങനെയുള്ള കുറേ വിഷയങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കേരളത്തിലെ കരിക്കുലം കമ്മറ്റി ചർച്ച ചെയ്തു. ഈ കരിക്കുലം കമ്മിറ്റി ഒരു സബ് കമ്മിറ്റി രൂപീകരിച്ചു. ഒഴിവാക്കപ്പെട്ട പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കണമെന്ന തീരുമാനമുണ്ടായി.ഇവ ഉൾക്കൊള്ളിച്ച് പുതിയ പാഠപുസ്തകം തയാറാക്കി കഴിഞ്ഞു. ഓണാവധി കഴിഞ്ഞാൽ ഇത് കുട്ടികളുടെ കയ്യിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകുകയാണ്. ഇത് പരീക്ഷയിലും ഉൾപ്പെടുത്തും’’– മന്ത്രി പറഞ്ഞു. പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞുവെന്ന വിഷയത്തിലും മന്ത്രി പ്രതികരിച്ചു. ‘‘അതിൽ വലിയ കാര്യമൊന്നുമില്ല. രണ്ടു മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ ഏതാണ്ട് 46,000ത്തോളം കുട്ടികളുടെ വർധന ഉണ്ടായിട്ടുണ്ട്. ഒന്നാം ക്ലാസിൽ കുറേ കുറവ് വന്നിട്ടുണ്ട്’’ മന്ത്രി വ്യക്തമാക്കി.


