
ചിറയിൻകീഴ്: പെരുമാതുറ മുതലപ്പൊഴി ബീച്ചിൽ ഫുട്ബോൾ കളിക്കുന്നതിനിടെ അയൽവാസികളായ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റു. പ്ലസ് വൺ വിദ്യാർത്ഥി പെരുമാതുറ വലിയവിളാകത്ത് വീട്ടിൽ അൻവറിനാണ് (16) പരിക്കേറ്റത്. കഴുത്തിൽ കുത്തേറ്റ അൻവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.പ്രതിയായ 10ാം ക്ലാസ് വിദ്യാർത്ഥിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. തർക്കത്തിനിടെ സമീപത്ത് കിടന്ന ബിയർ ബോട്ടിൽ പൊട്ടിച്ച് പ്രതി അൻവറിന്റെ കഴുത്തിൽ രണ്ടുതവണ കുത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അൻവറിനെ ചിറയിൻകീഴ് താലൂക്കാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. കഠിനംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


