മലപ്പുറം: മമ്പാട് എംഇഎസ് കോളേജ് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തികൊണ്ട് പൗരസമിതിയുടെ പേരില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് കീറിയെറിഞ്ഞ് വിദ്യാര്‍ത്ഥികള്‍. ഫ്ലക്സ് ബോര്‍ഡിന്റെ ചിത്രവും വാര്‍ത്തയും സാമൂഹ്യ മദ്യംനങ്ങളില്‍ നിറഞ്ഞതിനു പിന്നാലെയായിരുന്നു ബോര്‍ഡ് കീറിയെറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. ഇതിന്റെ ഫോട്ടോയും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഫോട്ടോയ്ക്ക് നല്കിയ ക്യാപ്ഷനും സോഷ്യല്‍മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് മമ്പാട് കോളേജ് പരിസരത്ത് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫ്ലെക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. കോളേജ് സമയത്തിന് ശേഷവും വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരിസരത്ത് തുടരുന്നത് നാട്ടുകാര്‍ക്ക് അലോസരമുണ്ടാക്കുന്നുവെന്നാണ് പൗരസമിതിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട ഫ്ലെക്സില്‍ എഴുതിയിരുന്നത്. വൈകീട്ട് അഞ്ച് മണിക്ക് ശേഷം കോളേജ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നാല്‍ കൈകാര്യം ചെയ്യുമെന്നും ഭീഷണിയുണ്ടായിരുന്നു. ഇത് സദാചാര ഗുണ്ടായിസമല്ലെന്ന് അവകാശപ്പെടുന്ന ഫ്ലെക്സില്‍, കുടുംബമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണിതെന്നും സൂചിപ്പിക്കുന്നു.
കോളേജില്‍ നടക്കുന്ന പരിപാടികള്‍ കഴിഞ്ഞ് വൈകിയും വിദ്യാര്‍ത്ഥികള്‍ പ്രദേശത്ത് തുടരുന്നതും തമ്മില്‍ ഇടപഴകുന്നതും തങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്നു എന്നാണ് ബോര്‍ഡില്‍ ആരോപിക്കുന്നത്. കോളേജിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലുണ്ടാക്കുന്നതും ഇവര്‍ ലഹരി ഉപയോഗം നടത്തുന്നതും തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ബോര്‍ഡില്‍ പറഞ്ഞിരുന്നു.