തായ്പേയ്: പൂർവേഷ്യൻ രാജ്യമായ തയ്വാനിൽ 25 വർഷത്തിനിടെയുണ്ടായ ശക്തിയേറിയ ഭൂചലനം വൻ നാശനഷ്ടമാണ് വിതച്ചത്. ഇതുവരെ 7 മരണമാണ് സ്ഥിരീകരിച്ചതെങ്കിലും തകർന്നു വീണ ബഹുനില കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിയത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. 60ലേറെ പേർക്ക് പരുക്കേറ്റു. തലസ്ഥാന നഗരമായ തായ്പേയ് സിറ്റിയിൽനിന്ന് പുറത്തുവരുന്ന ദൃശ്യങ്ങള്‍ ദുരന്ത വ്യാപ്തി കൂടാമെന്ന സൂചനയാണ് നൽകുന്നത്.
വരും മണിക്കൂറുകളിൽ തുടർ ചലനങ്ങളുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 1999ൽ 2400 പേരുടെ മരണത്തിനിടയാക്കിയ 7.6 തീവ്രതയുള്ള ഭൂചലനത്തിനു ശേഷം ഇത്ര ശക്തമായ പ്രകമ്പനം ആദ്യമായാണ് ഉണ്ടാകുന്നത്. നിരവധി ബഹുനില കെട്ടിടങ്ങൾ നിലം പൊത്തിയതോടെ തായ്പേയ് സിറ്റിയിൽ പൊടിപടലം നിറഞ്ഞിരിക്കുകയാണ്. 7.4 തീവ്രതയുള്ള ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ തയ്വാനിലും ജപ്പാന്റെ ദക്ഷിണമേഖലയിലും ഫിലിപ്പീൻസിലും സൂനാമി മുന്നറിയിപ്പുമുണ്ട്.
ദുരന്തത്തിൽ 7 പേർ മരിച്ചത് മണ്ണിടിച്ചിലിനെ തുടർന്ന് ആണെന്നാണ് വിവരം. മലകയറാൻ പോയ മൂന്നുപേർ, തെറിച്ചുവന്ന പാറക്കല്ലുകൾ ഇടിച്ചു മരിക്കുകയായിരുന്നു. ഇതുവഴി പോവുകയായിരുന്ന ട്രക്ക് ഡ്രൈവറാണ് മരിച്ച നാലാമത്തെയാൾ. വാഹനത്തിനു മുകളിലേക്ക് മണ്ണും പാറക്കല്ലും ഇടിഞ്ഞു വീഴുകയായിരുന്നു. റോഡുകളിലുണ്ടായ തടസ്സം ബുൾഡോസർ ഉപയോഗിച്ച് മാറ്റിക്കൊണ്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് സൈന്യവും രംഗത്തുണ്ട്.