റിയാദ്: റസിഡൻസി, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് തടവിലാക്കപ്പെട്ടവരിൽ 10,034 വിദേശികളെ സൗദി അറേബ്യ നാടുകടത്തി. അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 17,255 പുതിയ വിദേശികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഈ മാസം 20 നും 26 നും ഇടയിൽ നടത്തിയ പരിശോധനയിൽ 9,763 ഇഖാമ ലംഘകരും 4,911 അതിർത്തി സുരക്ഷാ നിയമ ലംഘകരും 2,581 തൊഴിൽ നിയമ ലംഘകരും അറസ്റ്റിലായി. അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 585 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 48 ശതമാനം പേർ യെമനികളും 49 ശതമാനം പേർ എത്യോപ്യക്കാരും 3 ശതമാനം പേർ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. അതിർത്തി വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ചതിന് 157 പേരെയും അറസ്റ്റ് ചെയ്തു.
തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചവർക്ക് അഭയം നൽകുകയും അവർക്ക് താമസസൗകര്യം ഒരുക്കുകയും ചെയ്തതിന് 23 പേരെ അറസ്റ്റ് ചെയ്തു. നിലവിൽ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന 52,916 നിയമലംഘകരുടെ കേസുകളിൽ നിയമനടപടികൾ തുടരുകയാണ്. ഇതിൽ 48,782 പേർ പുരുഷൻമാരും 4,134 പേർ സ്ത്രീകളുമാണ്. 42,113 പേരെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കുന്നതിനായി അവരുടെ യാത്രാ രേഖകൾ ശരിയാക്കാൻ അതാത് രാജ്യങ്ങളിലെ എംബസികളിലേക്ക് റഫർ ചെയ്തിട്ടുണ്ട്.