മനാമ: മനുഷ്യക്കടത്ത് തടയാനും ഇരകളെ സംരക്ഷിക്കാനും മികച്ച തൊഴിൽ അന്തരീക്ഷം ഉറപ്പുവരുത്താനുമാവശ്യമായ കർശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ചീഫ് എക്സിക്യൂട്ടീവ് നൗഫ് ജംഷീർ . മനുഷ്യക്കടത്ത് തടയുന്നതിൽ ബഹ്റൈൻ കൈക്കൊണ്ടിട്ടുള്ള നടപടികൾക്കുള്ള അംഗീകാരമാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഏറ്റവും പുതിയ ട്രാഫിക്കിങ് ഇൻ പേഴ്സൻ (ടി.ഐ.പി) 2023 റിപ്പോർട്ടിലെ പരമാമർശമെന്നും അവർ പറഞ്ഞു.
മനുഷ്യക്കടത്തിനെതിരെ ശക്തമായ നടപടികളാണ് രാജ്യം സ്വീകരിച്ചിട്ടുള്ളത്. ഇരയാക്കപ്പെടുന്നവരെ സംരക്ഷിക്കാനായി സെഹ്ലയിൽ പ്രവാസി സംരക്ഷണ കേന്ദ്രം ആരംഭിച്ചിരുന്നു. രാജ്യത്തിന്റെ ഇക്കണോമിക് വിഷൻ -2030 ന്റെ അവിഭാജ്യ ഘടകമാണ് മികച്ച തൊഴിൽ അന്തരീക്ഷം. തൊഴിലുടമയുടേയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എൽ.എം.ആർ.എ സ്വീകരിച്ചിട്ടുള്ള നടപടികൾ പ്രവാസി തൊഴിലാളികളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിലും തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും വളരേയേറെ സഹായകരമാണ്. ഈ നടപടികൾ അന്തർദേശീയ തലങ്ങളിൽ ബഹ്റൈനിന്റെ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്.
മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ള രാഷ്ട്രങ്ങളുടെ പട്ടികയിൽ ബഹ്റൈന് ടയർ 1 പദവിയാണുള്ളത്. മനുഷ്യക്കടത്ത് വിക്ടിംസ് പ്രൊട്ടക്ഷൻ ആക്ടിന്റെ മിനിമം മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്നതായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഏക ജി.സി.സി രാഷ്ട്രവും ബഹ്റൈനാണ്.