കെപിസിസിയുടെ അംഗീകാരമില്ലാതെ സംഘടനാ രൂപീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. നേറ്റീവ് കോണ്‍ഗ്രസ് ബ്രിഗേഡ് (എന്‍സിബി), മഹിളാ കോണ്‍ഗ്രസ് ബ്രിഗേഡ് എന്ന പേരില്‍ സംഘടനകള്‍ രൂപീകരിക്കുകയും വ്യാപകമായി പണപ്പിരിവ് നടത്തുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് നടപടി. ഇത്തരം സംഘടനകള്‍ക്ക് അംഗീകാരമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ച് നേറ്റീവ് കോണ്‍ഗ്രസ് ബ്രിഗേഡ് സംഘടനയുടെ ഭാഗമാക്കാന്‍ ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പേര് ദുരുപയോഗം ചെയ്ത് സംഘടന രൂപീകരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ സുധാകരന് പറഞ്ഞു. ഇത്തരം ചതിക്കുഴിയില്‍പ്പെട്ട് വഞ്ചിതരാകാതിരിക്കാനും പണം നഷ്ടപ്പെടാതിരിക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സുധാകരന് മുന്നറിയിപ്പ് നല്കി. കോണ്‍ഗ്രസിന് ഔദ്യോഗികമായി സംഭാവന നല്‍കുന്നതിനായി 137 രൂപ ചലഞ്ച് എന്ന പദ്ധതി കെപിസിസി പ്രഖ്യാപിച്ചിട്ടുണ്ട്. അത് പ്രകാരം മാത്രമാണ് കെപിസിസി സംഭാവന ആവശ്യപ്പെട്ടിട്ടുള്ളതെന്നും കെപിസിസി പ്രസിഡന്റ് അറിയിച്ചു.
