തിരുവനന്തപുരം: ഒരു ജനപ്രതിനിധി പോലും ആകില്ലെന്നറിഞ്ഞിട്ടും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന നിസ്വാർത്ഥരായ ആയിരക്കണക്കിന് പ്രവർത്തകരാണ് ബിജെപിയുടെ ശക്തിയെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.
ഒന്നും പ്രതീക്ഷിക്കാതെ അഹോരാത്രം പ്രയത്നിക്കുന്ന ബൂത്ത് തല പ്രവർത്തകരുള്ളപ്പോൾ രാഷ്ട്രീയ എതിരാളികൾക്കും വ്യാജവാർത്തകൾ നൽകുന്ന മാദ്ധ്യമങ്ങൾക്കും പാർട്ടിയെ തകർക്കാനാവില്ല. പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ജന്മദിനത്തോടനുബന്ധിച്ചു ബിജെപി നേമം മണ്ഡലത്തിലെ 136ാം ബൂത്തിൽ സംഘടിപ്പിച്ച ദീൻദയാൽജി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദീൻദയാൽ പാർട്ടിയുടെ പ്രേരണാസ്ത്രോതസാണ്. മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്നും ബിജെപിയെ വ്യത്യസ്തമാക്കുന്നത് അദ്ദേഹത്തിന്റെ ഏകാത്മക മാനവദർശനമാണ്.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നയങ്ങളുടെ അടിസ്ഥാനം ദീൻദയാലിന്റെ ആശങ്ങളാണ്. മോദി സർക്കാരിന്റെ ജനക്ഷേമനയങ്ങളെല്ലാം ദീൻദയാൽ മുന്നോട്ട് വെച്ച വീക്ഷണങ്ങളാണ്. അന്ത്യോദയ,സർവ്വധർമ്മസമഭാവന, പ്രകൃതിസംരക്ഷണം തുടങ്ങിയവയെല്ലാം അദ്ദേഹം വിഭാവനം ചെയ്ത പദ്ധതികളായിരുന്നു. വിദേശനയങ്ങളിലും മോദി സർക്കാർ പിന്തുടരുന്നത് ജനസംഘത്തിന്റെ സൈദ്ധാന്തികന്റെ നിലപാടുകൾ തന്നെയാണ്.
കോട്ടയം നഗരസഭാ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും യുഡിഎഫിനെയും ബിജെപി പിന്തുണയ്ക്കില്ലെന്നാണ് ജില്ലാകമ്മിറ്റിയുടെ നിലപാടെന്ന് കെ. സുരേന്ദ്രൻ മദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. സ്വതന്ത്രമായ നിലപാടായിരിക്കും ബിജെപി സ്വീകരിക്കുക.
എൽഡിഎഫിനും യുഡിഎഫിനും വിരുദ്ധമായ രാഷ്ട്രീയ സമീപനമാണ് കേരളത്തിൽ ബിജെപിക്ക് നിർവ്വഹിക്കാനുളളതെന്നും അതിനപ്പുറത്തുളള ഒരു ചിന്തയും പാർട്ടിക്കില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ബൂത്തിലെ നിരവധി വീടുകളിൽ കെ.സുരേന്ദ്രൻ സമ്പർക്കം നടത്തി. മണ്ഡലം പ്രസിഡന്റ് പാപ്പനംകോട് സജി, ബൂത്ത് പ്രസിഡൻ്റ് മുരുകൻ, കൗൺസിലർമാരായ ആശാനാഥ്, ശ്രീദേവി എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
കേന്ദ്ര വിദേശ-പാർലമെന്ററി കാര്യവകുപ്പ് മന്ത്രി വി.മുരളീധരൻ ഉള്ളൂർ ജംഗ്ഷനിൽ പുഷ്പാർച്ചനയിൽ പങ്കെടുത്തു. കൊച്ചുള്ളൂർ ബൂത്തിലെ വിവിധ പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. മുതിർന്ന നേതാവ് ഒ.രാജഗോപാൽ വട്ടിയൂർക്കാവിലും സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.സുധീർ, ജോർജ്കുര്യൻ എന്നിവർ ആറ്റിങ്ങലിലും നെയ്യാറ്റിൻകരയിലും പങ്കെടുത്തു. മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ മലപ്പുറത്തും ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് കണ്ണൂരിലും സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് കോഴിക്കോടും സംസ്ഥാന വൈസ്പ്രസിഡന്റ് എഎൻ രാധാകൃഷ്ണൻ എറണാകുളത്തും ബൂത്തുകളിലെ പരിപാടികളിൽ പങ്കെടുത്തു.