കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലിൽ രണ്ട് വയസുകാരൻ ഉൾപ്പെടെ നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. അങ്കണവാടിയിൽ നിന്ന് രണ്ട് വയസുള്ള മകൻ ജബ്ബാറിനെ കൂട്ടി അമ്മ ജുബാരിയ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് നായ ആക്രമിച്ചത്. ഇവരെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാരെയും നായ ആക്രമിച്ചു.
നായയുടെ കടിയേറ്റ കുട്ടിയുടെ കാലിൽ ആഴത്തിൽ മുറിവുണ്ട്. ജുബാരിയയുടെ ദേഹമാസകലം കടിയേറ്റു. നായ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ച അബ്ദുൾ ഖയൂം, സുഹ്റ എന്നിവർക്കും കടിയേറ്റു. പരിക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.