തിരുവനന്തപുരം: ഗണേഷ് കുമാറിന്റെ വിമര്‍ശനത്തിന് മറുപടിയുമായി കിഫ്ബി. ഏനാത്ത്-പത്തനാപുരം റോഡിന് ഗുണ നിലവാരം ഉറപ്പാക്കാൻ വേണ്ടിയാണ് സ്റ്റോപ്പ് മെമോ നൽകിയതെന്ന് കിഫ്ബി മറുപടി നല്കി. 13.6 വീതി എന്നതിൽ വിട്ടു വീഴ്ച ഇല്ല. പലയിടത്തും 6 മീറ്റർ വീതി ആയത് കൊണ്ടാണ് നിർമാണം നിർത്തിയത്. മാനദണ്ഡം മാറ്റാൻ ആകില്ലെന്നും കിഫ്ബി വ്യക്തമാക്കി. വെഞ്ഞാറമൂട് പാലം നിർമാണം ടെൻഡർ പൂർത്തീകരണ ഘട്ടത്തിൽ ആണെന്നും കിഫ്ബി അറിയിച്ചു.
കഴിഞ്ഞ ദിവസം നിയമസഭയിൽ കിഫ്ബിക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഗണേഷ് കുമാര്‍ ഉന്നയിച്ചത്. വൈകാരികമായി വിമർശനം ഉന്നയിച്ച ഗണേഷ് കുമാർ കൺസൽട്ടൻൻറുമാർ കൊണ്ടുപോകുന്നത് കോടികളാണെന്നും കുറ്റപ്പെടുത്തിയിരുന്നു. അഭിമാനപദ്ധതിയുടെ നടത്തിപ്പിനെതിരെ ഭരണപക്ഷത്ത് നിന്നും ഗണേഷിനെ പിന്തുണച്ച് സിപിഎം എൽഎഎയായ ഷംസീറും രംഗത്തെത്തിയിരുന്നു. സർക്കാർ അഭിമാനമായി ഉയർത്തിക്കാണിക്കുന്ന കിഫ്ബിക്കെതിരെ നേരത്തെ പ്രതിപക്ഷവും വലിയ വിമർശനം ഉന്നയിച്ചിരുന്നു.
