
മനാമ: അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളുടെ പ്രദേശങ്ങളില്‍ ഇസ്രായേല്‍ നിയന്ത്രണം പ്രയോഗിക്കുന്നത് സ്വീകാര്യമാണെന്ന ഇസ്രായേലിലെ അമേരിക്കന്‍ അംബാസഡറുടെ പ്രസ്താവനയെ ബഹ്റൈനടക്കമുള്ള അറബ് രാജ്യങ്ങള്‍ അപലപിച്ചു.
പ്രസ്താവനയെ അപലപിച്ചുകൊണ്ട് സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്ഥാന്, തുര്‍ക്കി, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍, ലെബനാന്, സിറിയ, പലസ്തീന് സ്റ്റേറ്റ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങളും ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന് (ഒ.ഐ.സി), ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ് (എല്‍.എ.എസ്), ഗള്‍ഫ് കോ-ഓപ്പറേഷന് കൗണ്‍സില്‍ (ജി.സി.സി) എന്നിവയും പ്രസ്താവന പുറപ്പെടുവിച്ചു.
അന്താരാഷ്ട്ര നിയമ തത്വങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും നഗ്നമായ ലംഘനവും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയുയര്‍ത്തുന്നതുമായ ഇത്തരം അപകടകരവും പ്രകോപനപരവുമായ പരാമര്‍ശങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്നുവെന്ന് പ്രസ്താവനകളില്‍ പറഞ്ഞു.
അംബാസഡറുടെ പ്രസ്താവന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ദര്‍ശനത്തിനും ഗാസ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള സമഗ്ര പദ്ധതിക്കും കടകവിരുദ്ധമാണെന്ന് മന്ത്രാലയങ്ങള്‍ പറഞ്ഞു. സംഘര്‍ഷം രൂക്ഷമാകുന്നത് തടയുകയും പലസ്തീന് ജനതയ്ക്ക് അവരുടേതായ ഒരു സ്വതന്ത്ര രാഷ്ട്രം ഉറപ്പാക്കുന്ന സമഗ്രമായൊരു ഒത്തുതീര്‍പ്പിനായി ഒരു രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പദ്ധതി. മറ്റുള്ളവരുടെ ഭൂമിയില്‍ നിയന്ത്രണം നിയമാനുസൃതമാക്കാന്‍ ശ്രമിക്കുന്ന പരാമര്‍ശങ്ങള്‍ ഈ ലക്ഷ്യങ്ങളെ ദുര്‍ബലപ്പെടുത്തുകയും സംഘര്‍ഷങ്ങള്‍ക്ക് ഇന്ധനമാക്കുകയും സമാധാനം മുന്നോട്ടുകൊണ്ടുപോകുന്നതിനുപകരം പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് പ്രസ്താവനയില്‍ പറഞ്ഞു.


