തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) സംസ്ഥാന വ്യാപകമായ റെയ്ഡ്. പുലർച്ചെയാണ് എൻഐഎ സംഘം കേരളത്തിലെത്തിയത്. എറണാകുളത്ത് എട്ടിടത്തും ആലപ്പുഴയിൽ നാലിടത്തുമാണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലും പരിശോധന നടക്കുന്നുണ്ട്.
സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന നിസാറിന്റെ പത്തനംതിട്ടയിലെ വീട്ടിലും പരിശോധന നടത്തി. ആലപ്പുഴയിൽ ചിന്തൂർ, വണ്ടാനം, വീയപുരം, ഓച്ചിറ എന്നിവിടങ്ങളിലും എറണാകുളം ജില്ലയിൽ ആലുവ, എടവനക്കാട്, വൈപ്പിൻ പ്രദേശങ്ങളിലുമാണ് പരിശോധന. രാവിലെ മുതൽ പ്രവർത്തകരുടെ സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്.
പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഗൾഫ് രാജ്യങ്ങളാണെന്ന് എൻഐഎ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ നൂറിലധികം ബാങ്ക് അക്കൗണ്ടുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് സൂചന. ഗൾഫ് രാജ്യങ്ങളിൽ മറ്റു പേരുകളിൽ സംഘടന രൂപീകരിച്ച് ഇതിലൂടെ പിരിച്ചെടുത്ത പണം നാട്ടിലേക്ക് കൊണ്ടുവരുന്നതായി കണ്ടെത്തി.