കൊച്ചി: ഇന്ധന നികുതിയില്‍ നാമമാത്രമായ കുറവാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ കുറവ് വരുത്താന്‍ കേന്ദ്രം തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇന്ധന നികുതിയില്‍ നിന്നും അധികമായി ലഭിക്കുന്ന വരുമാനം വേണ്ടെന്ന് വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരും തയാറാകണം. കേരള സര്‍ക്കാര്‍ നികുതി കൂട്ടിയിട്ടില്ലെന്ന വാദം ജനങ്ങളെ കബളിപ്പിക്കാനാണ്. ഓരോ തവണയും ഇന്ധന വില കൂടുമ്പോള്‍, നികുതി വരുമാനം കൂടുമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സന്തോഷിക്കുകയാണ്. നൂറു രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ അതിന്റെ 30.8 ശതമാനമാണ് കേരളത്തിന് ലഭിക്കുന്നത്. അത് മറച്ചുവച്ചുകൊണ്ടാണ് ഇപ്പോഴത്തെ ധനകാര്യമന്ത്രിയും മുന്‍ ധനകാര്യമന്ത്രിയും സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ചുമത്തിയിരിക്കുന്ന ഇന്ധന നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്രം നികുതി വര്‍ധിപ്പിച്ചപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അധിക വരുമാനം വേണ്ടെന്നു വയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നാല് തവണ അധിക നികുതി വരുമാനം ഒഴിവാക്കിയിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 600 കോടിയുടെ അധിക വരുമാനമാണ് വേണ്ടെന്ന് വച്ചത്. ഈ മാതൃക പിണറായി സര്‍ക്കാര്‍ പിന്തുടരണം. എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 6000 കോടിയുടെ അധിക നികുതി വരുമാനമാണ് കേരളത്തിന് ലഭിച്ചത്. ഇതില്‍ ഒരു രൂപ പോലും സംസ്ഥാന സര്‍ക്കാര്‍ കുറച്ചിട്ടില്ല.
നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. വിപണി ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല. തൃക്കാക്കരയില്‍ തൊണ്ണൂറ്റിഒന്‍പത്, നൂറ് ആക്കാന്‍ നടക്കുകയാണ്. പക്ഷേ 100 ആയത് തക്കാളിയുടെ വിലയാണ്. എല്ലാ സാധനങ്ങളുടെയും വില കൂടുകയാണ്. ഒരു കാലത്തും ഇല്ലാത്തതരത്തിലുള്ള വിലക്കയറ്റമാണ് കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയ്ക്ക് വേണ്ടി എല്‍.ഡി.എഫ് പുറത്തിറക്കിയ പ്രകടനപത്രിക കാപട്യമാണ്. കഴിഞ്ഞ 6 വര്‍ഷമായി കൊച്ചിയുടെ വികസനത്തിന് വേണ്ടി പിണറായി സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയിട്ടില്ല. കെ. കരുണാകരന്, എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി സര്‍ക്കാരുകളുടെ കാലത്താണ് എറാണാകുളം ജില്ലയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളത്. നായനാരും അച്യുതാനന്ദനും പിണറായി വിജയനും ഭിരിച്ചപ്പോള്‍ ജില്ലയില്‍ നടത്തിയ ഏതെങ്കിലും ഒരു വികസനത്തിന്റെ അടയാളം കാട്ടിത്തരാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി കൊച്ചിയില്‍ രൂക്ഷമായ വെള്ളക്കെട്ടാണ്. കൊച്ചിയുടെ വികസനത്തിന് തുരങ്കം വച്ചവരാണ് ഇപ്പോള്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നത്. ഇടതുപക്ഷത്തിന്റെ വാഗ്ദാനങ്ങള്‍ക്ക് കടലാസിന്റെ വില പോലുമില്ല. തൃക്കാക്കരയിലെ ജനങ്ങള്‍ അത് വിശ്വസിക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു.