കൊച്ചി: ഇന്ധന നികുതി കുറയ്ക്കാത്തതിന് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ധനമന്ത്രി കെഎൻ ബാലഗോപാലും സംസ്ഥാന സർക്കാരും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബാലഗോപാൽ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ജനങ്ങളോട് ആത്മാർത്ഥതയുണ്ടെങ്കിൽ സംസ്ഥാന നികുതി കുറയ്ക്കാൻ സർക്കാർ തയ്യാറാകണം. ഞങ്ങൾ അഞ്ചര വർഷമായി നികുതു കൂട്ടിയിട്ടില്ലെന്ന് പറയുന്ന ധനമന്ത്രി നികുതിയിൽ വലിയ ഭാഗം സംസ്ഥാനത്തിനും ലഭിച്ചിരുന്നെന്ന് സമ്മതിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ മനുഷ്യത്വവിരുദ്ധ നിലപാടിനെതിരെ ജനരോഷം ആളികത്തുകയാണ്.
സമരം ചെയ്യുന്ന ജനത്തെ ഭിന്നിപ്പിക്കാനാണ് സർക്കാർ നോക്കുന്നത്. ബിജെപിയെ സഹായിക്കാനാണ് ജനങ്ങളുടെ സമരമെന്നാണ് ധനമന്ത്രി പറയുന്നത്. ബിജെപിയെ സഹായിക്കാതിരിക്കാൻ നികുതി കുറയ്ക്കുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്യേണ്ടത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂടുമ്പോൾ മോദിക്കെതിരെ സമരം ചെയ്തിരുന്നവരാണ് യഥാർത്ഥത്തിൽ കൊള്ളക്കാരെന്ന് ജനങ്ങൾക്ക് ബോധ്യമായി. നികുതി കുറയ്ക്കാത്ത പിണറായി സർക്കാരിന്റെ മനുഷ്യത്വവിരുദ്ധ നിലപാടിനെതിരെ ബിജെപി സമരം ശക്തമാക്കും. ജനങ്ങൾ കഷ്ടപ്പെടുമ്പോൾ കരിങ്കല്ലു പോലെ ഇരിക്കുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രൻ പറഞ്ഞു.
നികുതി കുറയ്ക്കാനായി കേന്ദ്രസർക്കാർ എടുത്ത നിലപാട് ശരിയായതു കൊണ്ടാണ് മറ്റു സംസ്ഥാനങ്ങളും നികുതി കുറയ്ക്കാൻ തയ്യാറായത്.
കേരളത്തിൽ സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് ധനമന്ത്രി പറയുന്നത്. സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് കൊണ്ട് ഉണ്ടായതാണ്. സംസ്ഥാന സർക്കാരിന്റെ റവന്യൂ കമ്മി പരിഹരിക്കാൻ കേന്ദ്രം പണം നൽകുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. കടം വാങ്ങി ശമ്പളവും പെൻഷനും കൊടുക്കേണ്ട അവസ്ഥയുള്ള സർക്കാരാണിത്.
സംസ്ഥാനമുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി പോലും കേന്ദ്രമാണ് പരിഹരിക്കുന്നത്. വായ്പ്പാപരിധി കൂട്ടി, റവന്യൂകമ്മി നികത്തി, കൊവിഡ് ധന സഹായം നൽകി കേരളത്തെ താങ്ങിനിർത്തുന്നത് കേന്ദ്രമാണ്. കേന്ദ്രവിരുദ്ധ പ്രസ്താവന കൊണ്ട് ഇനിയും കേരളത്തിൽ പിടിച്ചുനിൽക്കാനാവില്ലെന്ന് സിപിഎം മനസിലാക്കണം. പ്രതിഷേധത്തെ തണുപ്പിച്ച് പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാൻ സർക്കാരിന് സാധിക്കില്ല.
ഫസൽവധത്തിൽ സിബിഐ തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതോടെ സിപിഎമ്മുകാരെ രക്ഷിക്കാനുള്ള പൊലീസിന്റെ ശ്രമമാണ് പൊളിഞ്ഞതെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, മേഖലാ അദ്ധ്യക്ഷൻ എൻ.ഹരി എന്നിവർ പങ്കെടുത്തു.