മാലദ്വീപില്‍ പിടിയിലായ മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി ഇടപെടല്‍ തേടി കേന്ദ്രത്തിന് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. മാലദ്വീപ് തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്ത 12 മത്സ്യത്തൊഴിലാളികളെയും അവരുടെ മത്സ്യബന്ധന ബോട്ടും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി മാലദ്വീപ് അധികൃതരുമായി ചര്‍ച്ച ചെയ്യണമെന്നും വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറിന് അയച്ച സ്റ്റാലിന് കത്തില്‍ പറയുന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ നിന്ന് ഒക്ടോബര്‍ 1 ന് ആണ് 12 പേരും മത്സ്യബന്ധനത്തിന് പോയത്. ഇവരെ ഒക്ടോബര്‍ 23 ന് മാലദ്വീപ് തീരസംരക്ഷണ സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു.
‘01.10.2023 ന് തൂത്തുക്കുടി ജില്ലയിലെ തരുവായിക്കുളം ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ നിന്ന് IND-TN-12-MM-6376 എന്ന രജിസ്ട്രേഷന് നമ്പറിലുള്ള യന്ത്രവത്കൃത ബോട്ടില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോയി. 23.10.2023 ന് തിനാദൂ ദ്വീപിന് സമീപം മാലദ്വീപ് കോസ്റ്റ് ഗാര്‍ഡ് അവരെ പിടികൂടിയതായി റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍, തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളെയും അവരുടെ മത്സ്യബന്ധന ബോട്ടിനെയും എത്രയും വേഗം മോചിപ്പിക്കുന്നതിന് ഉചിതമായ നയതന്ത്ര മാര്‍ഗങ്ങളിലൂടെ മാലിദ്വീപ് അധികൃതരുമായി വിഷയം ചര്‍ച്ചചെയ്യാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, ”സ്റ്റാലിന് കത്തിലെഴുതി.