റിപ്പോർട്ട്: ടി. പി ജലാല്‍
മലപ്പുറം: കോവിഡ് വാക്സിന് എടുക്കുന്നതിന് മുമ്പും ശേഷവും കടുത്ത നിരീക്ഷണം നടത്തിയ ശേഷമാണ് ആളുകള്‍ക്ക് വീട്ടിലേക്ക് പോകാനുള്ള അനുമതി. കുത്തിവെയ്പ്പെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രത്യേക സ്ഥലത്ത് വിശ്രമിക്കണം. ശേഷം വാക്സിനേഷന് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കുത്തിവെയ്പ്പിനെക്കുറിച്ച് വിശദീകരിക്കും. തുടര്‍ന്ന് സംശയനിവാരണം. രണ്ടാംഘട്ടത്തിലാണ് രജിസ്ട്രേഷന്. ആദ്യം ശരീരോഷ്മാവ് പരിശോധനയും കൈ ശുചീകരണവും തുടര്‍ന്ന് വ്യക്തിയുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച് സര്‍ക്കാര്‍ നല്കിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തും. പിന്നീടാണ് കുത്തിവെയ്പ്പ് മുറിയിലേക്ക് നീങ്ങും.
ശീതീകരിച്ച വാക്സിന് സിറിഞ്ചില്‍ നിറച്ച് കുത്തിവെയ്ക്കും. നാലാം ഘട്ടത്തില്‍ കോവിന്‍ എന്ന അപ്ലിക്കേഷനില്‍ വാക്സിന് എടുത്തയാളുടെ വിശദാംശങ്ങള്‍ ചേര്‍ക്കും. ഇതിന് ശേഷം നിരീക്ഷണ മുറിയിലേക്ക്. അവിടെ അര മണിക്കൂര്‍ നിരീക്ഷണം. വാക്സിന് എടുത്ത ശേഷം എന്തെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടോയെന്ന് അറിയാനാണിത്. അസ്വസ്ഥതയൊന്നുമില്ലെങ്കില്‍ അര മണിക്കൂറിന് ശേഷം മടങ്ങാം. ബുദ്ധിമുട്ടുണ്ട് തോന്നിയാല്‍ ചികിത്സ സംവിധാനമുള്ള പ്രത്യേക മുറിയിലേക്ക് പോവാം. ബുദ്ധിമുട്ടുണ്ടെങ്കില്‍ രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള ശാരീരിക പരിശോധനകള്‍ നടത്തും. ആവശ്യമെങ്കില്‍ തുടര്‍ ചികിത്സ.അല്ലാത്തപക്ഷം വീട്ടിലേക്ക് മടങ്ങാവുന്നതാണ്.