മനാമ: യൂത്ത് സിറ്റി 2030 ന്റെ പന്ത്രണ്ടാമത് പതിപ്പിന് സല്ലാക്കിലെ അത്യാധുനിക എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ തുടക്കമായി. ഒരു മാസം നീണ്ടുനിൽക്കുന്ന യൂത്ത് സിറ്റി 2030, ലേബർ ഫണ്ട് (തംകീൻ) ഉപയോഗിച്ചാണ് നൂതന വാർഷിക പരിപാടി സംഘടിപ്പിക്കുന്നത്. ബഹ്റൈൻ യുവാക്കളെ പരിശീലിപ്പിക്കുന്നതിനും തൊഴിൽ വിപണിക്ക് അവരെ സജ്ജമാക്കുന്നതിനും അതിന്റെ ആവശ്യകതകൾ നിറവേറ്റുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു പ്രധാന സംരംഭമാണ് യൂത്ത് സിറ്റി 2030.
യൂത്ത് സിറ്റി 2030-ന്റെ ഈ വർഷത്തെ പതിപ്പ് 2,740 പരിശീലന അവസരങ്ങളാണ് വിവിധ മേഖലകളിൽ നൽകുന്നത്. പങ്കെടുക്കുന്ന യുവ പ്രതിഭകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പ്രൊഫഷണലായി അവരെ വാർത്തെടുക്കുന്നതിനുമായി 100-ലധികം പരിശീലന പരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
പങ്കെടുക്കുന്നവരുടെ കഴിവുകൾ വികസിപ്പിക്കാനും അവർക്ക് ആവശ്യമായ വൈദഗ്ധ്യം നൽകാനും തൊഴിൽ വിപണിയുമായി സംയോജിപ്പിക്കാനും ബഹ്റൈനിന്റെ വികസനത്തിന് സംഭാവന നൽകാനും പദ്ധതികൾ ലക്ഷ്യമിടുന്നു.
നേതൃത്വവും യുവസംരംഭകത്വവും, മാധ്യമങ്ങളും വിനോദവും, കലയും സംസ്കാരവും, ശാസ്ത്രവും സാങ്കേതികവിദ്യയും, കായികവും സംസ്കാരവും എന്നിങ്ങനെ അഞ്ച് പ്രധാന പൊതുകേന്ദ്രങ്ങളാണ് ഈ വർഷത്തെ പതിപ്പിൽ അവതരിപ്പിക്കുന്നത്.
9 നും 14 നും ഇടയിൽ പ്രായമുള്ളവർക്ക് രാവിലെയും 15 മുതൽ 35 വരെ പ്രായമുള്ളവർക്ക് സായാഹ്നത്തിലുമാണ് മന്ത്രാലയം പരിപാടികൾ ചാർട്ട് ചെയ്തിട്ടുള്ളത്. മന്ത്രാലയത്തിന്റെ സീഫ് മേഖലയിലെ ആസ്ഥാനം, മുഹറഖ് പൈലറ്റ് യൂത്ത് സെന്റർ, ഹമദ് ടൗൺ പൈലറ്റ് യൂത്ത് സെന്റർ, ബഹ്റൈൻ സയന്റിഫിക് സെന്റർ എന്നിങ്ങനെ നാല് ഇടങ്ങളിലാണ് പ്രധാനമായും പരിപാടി നടക്കുക. പങ്കെടുക്കുന്നവർക്കായി ഇവിടങ്ങളിലേക്ക് ബസ് സൗകര്യവും മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്.