മനാമ: ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂൾ കലോത്സവത്തിന് ഞായറാഴ്ച ഇന്ത്യൻ സ്കൂളിൽ തിരി തെളിയും. ഇനി ഏതാനും നാളുകൾ കലയുടെ രാപ്പകലുകൾ സമ്മാനിക്കുന്ന ഇന്ത്യൻ സ്കൂൾ യുവജനോത്സത്തിലെ സ്റ്റേജ് ഇനങ്ങൾക്കാണ് നാളെ തുടക്കമാവുന്നത്. 120ഓളം ഇനങ്ങളിലായി നാലായിയിരത്തിലേറെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഈ കലോത്സവം ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂൾ കലോത്സവമായി വിലയിരുത്തപ്പെടുന്നു. ഞായറാഴ്ച വൈകുന്നേരം ആറുമണിക്ക് ഇസ ടൗണിലെ ജഷന്മാൾ ഓഡിറ്റോറിയത്തിൽ സ്റ്റേജ് ഇനങ്ങളുടെ ഔപചാരിക ഉദ്ഘാടനം നടക്കും. തുടർന്ന് നാടോടി നൃത്തം, മൈം, മോണോ ആക്ട് എന്നിവ അരങ്ങേറും.
വിവിധ വേദികളിയായി നടക്കുന്ന കലോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലെ നവംബർ 23നു ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിലാണ് നടക്കുക. ഗ്രാൻഡ് ഫിനാലെയിൽ കലാശ്രീ, കലാപ്രതിഭ പുരസ്കാരങ്ങൾ സമ്മാനിക്കും. കൊറോണ ഭീതി വിട്ടൊഴിഞ്ഞ ശേഷം നടക്കുന്ന കലോത്സവത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി വിദ്യാർത്ഥികൾ സ്റ്റേജ് ഇതര രചനാ മത്സരങ്ങളിലും ഗ്രൂപ് ഇനങ്ങളിലേക്കുള്ള പ്രാഥമിക മത്സരങ്ങളിലും ഏർപ്പെട്ടു വരികയായിരുന്നു. വിദ്യാർഥികളിൽ കലാ നൈപുണ്യവും നേതൃപാടവവും വളർത്തുന്നുന്നതിന്റെ ഭാഗമായി ഈ കലോത്സവത്തിൽ ഹൗസ് സമ്പ്രദായമാണ് ഇന്ത്യൻ സ്കൂൾ പിന്തുടരുന്നത്.
വിദ്യാർത്ഥികളെ നാല് ഹൗസുകളായി തിരിച്ചാണ് മത്സരം. ആര്യഭട്ട,വിക്രം സാരാഭായ്,ജെ.സി ബോസ് , സി.വി രാമൻ എന്നീ ഗ്രൂപ്പുകളാണ് കലോത്സവത്തിൽ കിരീടം ചൂടാൻ മത്സരിക്കുന്നത്. ആറു മുതൽ 17 വയസു വരെയുള്ള വിദ്യാർത്ഥികളെ നാല് പ്രായ വിഭാഗങ്ങളിലായി തിരിച്ചാണ് മത്സരം. സ്റ്റേജ്, നോൺ സ്റ്റേജ് ഇനങ്ങളിലായി ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന വിദ്യാർത്ഥികളാണ് കലാശ്രീ, കലാപ്രതിഭ പുരസ്കാരങ്ങൾക്ക് അർഹരാവുക.
കുറ്റമറ്റ രീതിയിലും വേഗത്തിലും ഫലപ്രഖ്യാപനം നടത്താനായി പ്രത്യേക സോഫ്ട്വെയർ ഇന്ത്യൻ സ്കൂൾ തയ്യാറാക്കിയിട്ടുണ്ട് . ഏകദേശം 800 ഓളം ട്രോഫികളാണ് കൗമാര പ്രതിഭകളെ കാത്തിരിക്കുന്നത്. യാതൊരു പരാതികൾക്കും ഇട നൽകാതെ അടുക്കും ചിട്ടയോടെയും കലോത്സവം നടത്താൻ സ്കൂൾ പ്രതിജ്ഞാബദ്ധമാണെന്ന് സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പറഞ്ഞു.
രണ്ടു കാമ്പസുകളിലായി 12000 വിദ്യാർത്ഥികൾ പഠിക്കുന്ന ഇന്ത്യൻ സ്കൂളിന്റെ കലണ്ടറിൽ ഏവരും ഉറ്റുനോക്കുന്ന കലാ മാമാങ്കമാണ് തരംഗ് എന്ന യുവജനോത്സവമെന്ന് സ്കൂൾ സെക്രട്ടറി സജി ആന്റണി പറഞ്ഞു. ഇയ്യിടെ സമാപിച്ച സ്റ്റേജ് ഇതര മത്സരങ്ങളിൽ ആവേശജനകമായ പങ്കാളിത്തമാണ് വിദ്യാർത്ഥികളിൽ നിന്നും ഉണ്ടായതെന്ന് പ്രിൻസിപ്പൽ വി ആർ പളനിസ്വാമി പറഞ്ഞു.