
മനാമ: അറബ് ഇന്റർനാഷണൽ സൈബർ സെക്യൂരിറ്റി ഉച്ചകോടിയുടെ ആദ്യ പതിപ്പ് ബഹ്റൈനിൽ നടത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ഡിസംബർ 6 മുതൽ 8 വരെ ബഹ്റൈൻ ഇന്റർനാഷണൽ ആൻഡ് കൺവെൻഷൻ എക്സിബിഷൻ സെന്ററിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സൈബർ സുരക്ഷാ വിദഗ്ധരുടെയും കമ്പനികളുടെയും സാന്നിധ്യത്തിൽ ജിസിസി, അറബ് രാജ്യങ്ങൾ ഉച്ചകോടിയിൽ പങ്കെടുക്കും. തീരുമാനങ്ങൾ എടുക്കുന്നവർക്കും വിദഗ്ധർക്കും വിവരസാങ്കേതിക മേഖലയിലെ വിദഗ്ധർക്കും വിവരങ്ങൾ കൈമാറാനും ചർച്ച ചെയ്യാനും വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും കുറിച്ച് സംസാരിക്കാനുമുള്ള അവസരമായിരിക്കും ഉച്ചകോടി ഒരുക്കുന്നത്. ‘സൈബർ സുരക്ഷയിൽ ആഗോള സഹകരണം ശാക്തീകരിക്കുക’ എന്ന അജണ്ടയിലാണ് സമ്മേളനം നടക്കുന്നത്.
ബഹ്റൈനും ലോകത്തിന്റെ മറ്റു ഭാഗങ്ങളും സാങ്കേതിക വികാസങ്ങളുടെ വെല്ലുവിളികളെ എങ്ങനെ നേരിടാം, ഡാറ്റ സംരക്ഷണവും നെറ്റ്വർക്കുകളും മെച്ചപ്പെടുത്തുക എന്നതിനെക്കുറിച്ചുള്ള തന്ത്രങ്ങൾ വികസിപ്പിക്കുകയാണ് ഉച്ചകോടിയുടെ ആദ്യ പതിപ്പ് ലക്ഷ്യമിടുന്നത്. വിവിധ വിദഗ്ധരിൽ നിന്നും പങ്കെടുക്കുന്ന സുരക്ഷാ കമ്പനികളിൽ നിന്നുമുള്ള ശിൽപശാലകളിലൂടെയും ചർച്ചകളിലൂടെയും സൈബർ അന്തരീക്ഷം രൂപപ്പെടുത്തുന്നതിൽ ദേശീയ അന്തർദേശീയ അടിസ്ഥാന സൗകര്യങ്ങൾ വഹിക്കുന്ന പ്രധാന പങ്കും ഉച്ചകോടി എടുത്തുകാണിക്കും.
നിലവിലുള്ളതും ഉയർന്നുവരുന്നതുമായ സൈബർ സുരക്ഷാ ഭീഷണികളെ അഭിസംബോധന ചെയ്യുക, പ്രതിരോധം വർധിപ്പിക്കുക, നയം വികസിപ്പിക്കുക, സൈബർ സുരക്ഷാ മേഖലയിലെ അറബ്, അന്താരാഷ്ട്ര ശ്രമങ്ങളിൽ വെളിച്ചം വീശുക എന്നിവയും ഉച്ചകോടി ലക്ഷ്യമിടുന്നു. സൈബർ സുരക്ഷാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ബഹ്റൈനിന്റെ വിഷൻ 2030 ന് അനുസൃതമായി ബഹ്റൈൻ ദേശീയ സൈബർ സുരക്ഷാ തന്ത്രം ഏർപ്പെടുത്തിയിട്ടുണ്ട്.
