കൊളംബോ: ശ്രീലങ്കയിൽ ജന രോഷം ആളിക്കത്തുമ്പോൾ പ്രധാനമന്ത്രിയ്ക്ക് പിന്നാലെ, പ്രസിഡന്റ് ഗൊതാബയ രജപക്സെ രാജി പ്രഖ്യാപിച്ചു. ജൂലൈ 13 ബുധനാഴ്ച രാജിവെക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യം സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധന അറിയിച്ചു. നേരത്തെ നടന്ന സര്‍വ്വ കക്ഷിയോഗത്തില്‍ പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും രാജി ആവശ്യപ്പെട്ടിരുന്നു.
അതേസമയം, രാജി പ്രഖ്യാപിച്ച റെനില്‍ വിക്രമസിംഗെയുടെ വീടിന് പ്രതിഷേധക്കാര്‍ തീവെച്ചു. വൈകീട്ടോടെ പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് ഇരച്ച് കയറിയ പ്രതിഷേധക്കാര്‍ വീടിന് തീവെക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്റിലെ സര്‍വ്വകക്ഷി യോഗത്തിന് ശേഷം റെനില്‍ രാജി പ്രഖ്യാപിച്ചിരുന്നു.
സമാധാനപരമായി അധികാര കൈമാറ്റം ഉറപ്പാക്കാൻ പിന്തുണ തേടുമ്പോൾ ശാന്തത പാലിക്കാൻ രാജപക്സെ ജനങ്ങളോട് അഭ്യർത്ഥിച്ചതായി പാർലമെന്റ് സ്പീക്കർ മഹിന്ദ യാപ്പ പറഞ്ഞു. കൊളംബോയിലെ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് തീയിട്ടതിന് തൊട്ടുപിന്നാലെയാണ് രാജിവെക്കാനുള്ള രാജപക്സെയുടെ പ്രഖ്യാപനം.
രാജ്യത്തെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായ രാജപക്സെയുടെ കെടുകാര്യസ്ഥതയുടെ പേരിൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് മാസമായി ആയിരക്കണക്കിന് ശ്രീലങ്കൻ പൗരന്മാർ തെരുവിലിറങ്ങിയിരുന്നു. ഇന്ധനം, ഗാർഹിക വാതകം, ജീവിതച്ചെലവ്, ദിവസേനയുള്ള പവർ കട്ട് എന്നിവയുൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വലിയ ക്ഷാമമുണ്ട്.