കൊച്ചി: ക്രിക്കറ്റിൽ നിന്നു വിരമിച്ചതിനാൽ സിനിമയിൽ ചേക്കേറുന്നതായി മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പ്രഖ്യാപനം. ഗായകനായും അഭിനേതാവായുമെല്ലാം സിനിമാ പ്രേമികൾക്കു തന്നെ കാണാമെന്നാണു വാഗ്ദാനം. ബോളിവുഡ് താരം സണ്ണി ലിയോണിക്കൊപ്പം ശ്രീശാന്ത് അഭിനയിക്കുന്ന ഹിന്ദി സിനിമ ഐറ്റം നമ്പർ വണ്ണിനു വേണ്ടി മ്യൂസിക് റെക്കോർഡിങ്ങിനു തമ്മനത്തെ സ്റ്റുഡിയോയിൽ എത്തിയപ്പോഴാണു സിനിമാ മോഹങ്ങൾ ശ്രീ പങ്കുവച്ചത്. മലയാളത്തിൽ എല്ലാവരും കാണുന്ന സിനിമയിൽ അഭിനയിക്കാനാണ് ആഗ്രഹം. നേരത്തേ വന്ന സിനിമയിൽ തന്നെ ആരും കണ്ടിട്ടുണ്ടാവില്ല, ഹിന്ദിയിലാക്കി യുട്യൂബിലിട്ടപ്പോൾ മികച്ച പ്രതികരണമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
വിരമിക്കലിനു ശേഷമുള്ള നല്ല അവസരമായി കണ്ടാണ് ഐറ്റം നമ്പർ വണ്ണിൽ അഭിനയിക്കാൻ തീരുമാനിച്ചത്. സ്വന്തം നാട്ടിൽ തന്നെ തന്റെ ആദ്യത്തെ പാട്ട് റെക്കോർഡ് ചെയ്യാൻ സാധിച്ചതു ഭാഗ്യമാണ്. മറ്റു റെക്കോർഡിങ്ങുകൾ മുംബൈയിലായിരുന്നു. ഇതൊരു എളുപ്പമുള്ള, ആളുകൾ ഇഷ്ടപ്പെടുന്ന, വൈറലാകാൻ സാധ്യതയുള്ള പാട്ടാണ്. ഡാൻസ് ഓറിയന്റഡ് എന്റർടെയിനർ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ കോമഡി ഫ്ലേവറുള്ള കഥാപാത്രമാണ് തന്റേതെന്നും ശ്രീശാന്ത് പറഞ്ഞു.
കേരള രഞ്ജി ടീമിൽ തിരികെയെത്തിയ ശ്രീശാന്ത് കഴിഞ്ഞ മാർച്ചിലാണു വിരമിച്ചത്.
